വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം.

മഴ കളിച്ച മത്സരത്തില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയ ലക്ഷ്യം 46 ഓവറില്‍ 270 ആയി പുനര്‍നിര്‍ണയിച്ച മല്‍സരത്തില്‍ വിന്‍ഡീസ് 210ന് പുറത്താകുകയായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 279 റണ്‍സെടുത്തത്.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 42ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയും നിറം ചാര്‍ത്തിയതായിരുന്നു ഇന്ത്യന്‍ ഇന്നിങ്ങ്‌സ്. കോഹ്ലി 120 റണ്‍സെടുത്തു പുറത്തായി.

മൂന്നാം ഏകദിന അര്‍ധസെഞ്ചുറി കുറിച്ച ശ്രേയസ് അയ്യര്‍ 71 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് (125) ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി (74) രോഹിത് ശര്‍മ വിരാട് സഖ്യമാണ് രക്ഷകരായത്.

നാലാം നമ്പറില്‍ ഋഷഭ് പന്തിനെ ഇറക്കി പരീക്ഷണം തുടര്‍ന്ന ഇന്ത്യയ്ക്ക് വീണ്ടും പിഴച്ചു. 35 പന്തില്‍ 20 റണ്‍സ് എടുക്കാനെ ഋഷഭിന് കഴിഞ്ഞുള്ളു. 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രാത്വയ്റ്റാണ് വിന്‍ഡീസ് നിരയില്‍ മികച്ചുനിന്നത്.

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസ് അര്‍ധസെഞ്ചുറി നേടി. 80 പന്തില്‍ 65 റണ്‍സാണു താരം നേടിയത്.

52 പന്തില്‍ 42 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ബുധനാഴ്ചത്തെ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രതീക്ഷിക്കുന്ന ക്രിസ് ഗെയിലിനു തിളങ്ങാനായില്ല.

24 പന്തില്‍ 11 റണ്‍സ് മാത്രം നേടിയാണ് ഗെയ്ല്‍ പുറത്തായത്. ഗെയ്‌ലിന്റെ മുന്നൂറാം മത്സരമായിരുന്നു ഇത്. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഖലീല്‍ അഹമ്മദും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും നേടി.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് 1-0 ലീഡായി. ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം ഏകദിനം ബുധനാഴ്ച പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കും.