കോളറ തൊട്ട് എച്ച് വണ്‍ എന്‍വണ്‍ വരെ; പ്രളയശേഷം ഇനി പകര്‍ച്ചവ്യാധികള്‍, കരുതിയിരിക്കുക

പ്രളയം ഒഴിഞ്ഞാല്‍ വരാനിരിക്കുന്ന പകര്‍ച്ച വ്യാധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. കോളറ, ടൈഫൊയ്ഡ് , എലിപ്പനി, ഡെങ്കിപ്പനി, ഹെപ്പറൈറ്റിസ്, മലമ്പനി, H1N1 എന്നീ രോഗങ്ങളെല്ലാം പ്രളയ ശേഷം പിടിപെട്ടേക്കാവുന്ന രോഗങ്ങളാണ്.

ഡോ. ജയകൃഷ്ണണന്‍ ജയന്‍ ഫേസ് ബുക്കിലെഴുതിയ ഈ കുറിപ്പ് വായിക്കൂ:

” പ്രളയശേഷം വരാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊക്കെയാണ്? അവ എപ്പോഴാണ് പ്രത്യക്ഷമാവുക? എങ്ങനെയാണ് തയ്യാറെടുക്കേണ്ടത്?

?പ്രളയശേഷം ആദ്യത്തെ ആഴ്ച കോളറ പ്രത്യക്ഷമാവാന്‍ സാധ്യതയുണ്ട്. ഷിഗല്ല-സാല്‍മൊണല്ല വയറിളക്ക രോഗങ്ങള്‍, ടൈഫൊയ്ഡ് എന്നിവ ആദ്യ ആഴചയില്‍ ആരംഭിച്ച് രണ്ടാമത്ത ആഴ്ച്യയില്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ക്ലോറിനേഷനും ശുദ്ധജല വിതരണവുമാണ് രോഗപ്രതിരോധ നടപടികള്‍. ജലജന്യരോഗങ്ങള്‍ പിടികൂടാനുള്ള സാധ്യത ഉണ്ട് എന്ന് മറക്കരുത്. ശുദ്ധജല വിതരണം തുടരുക, വീട്ടില്‍ ഉപയോഗിക്കുന്ന ജലം ക്ലോറിന്‍ ഗുളികയോ, ലായനിയോ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വെള്ളം തിളപ്പിച്ചാറ്റിച്ചു കുടിക്കുക. കൈകള്‍ ഇടവിട്ടു സോപ്പിട്ടു കഴുകുക.

? പ്രളയശേഷം രണ്ടാമത്ത ആഴ്ചയുടെ അവസാനം എലിപ്പനി ആരംഭിക്കാന്‍ സാധ്യത. മൂന്നാമത്തെ ആഴ്ചയില്‍ വ്യാപകമാമാവാനും സാധ്യത ഉണ്ട്.
(a) ശുചീകരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവരിലും (കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍) പനിബാധിച്ചവര്‍ ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം. (b) പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കുകയും വേണം. കൈയ്യുറയും കാലുറയുയും ലഭ്യമല്ലെങ്കില്‍ കൈയ്യിലും കാലിലും പ്ലാസ്റ്റിക് കവറുകളിട്ടശേഷം റബ്ബര്‍ ബാന്‍ഡിട്ട് കെട്ടുക.

? പ്രളയശേഷം മൂന്നാമത്തെ ആഴ്ചയുടെ അവസാനം തുടങ്ങി നാലാമത്തെ ആഴ്ചയാകുമ്പോള്‍ ഡെങ്കിപ്പനി പ്രത്യക്ഷമാകാന്‍ സാധ്യത ഉണ്ട്. പ്രതിരോധ നടപടികള്‍ കൃത്യം അല്ലെങ്കില്‍ വ്യാപകമായി പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള അസുഖമാണ്. കൊതുകുകളുടെ സാന്ദ്രത ഏറ്റവും കൂടിയ സ്ഥലങ്ങളില്‍ അവയുടെ എണ്ണം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. കൊതുക്കളുടെ എണ്ണം കുറയുമ്പോള്‍ ഡെങ്കിപ്പനി സാധ്യത കുറയും.

?പ്രളയശേഷം നാലാഴ്ച കഴിയുമ്പോള്‍ വെള്ളത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് പ്രത്യക്ഷമാവാന്‍ സാധ്യത ഉണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഞ്ചാമത്തെ ആഴ്ച അത് വ്യാപകമായിത്തീരും. കൂടുതല്‍ ശ്രദ്ധിക്കേണ്ടത് നേരത്തേ ഹെപ്പറൈറ്റിസ് പടര്‍ന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളിലാണ്. പ്രളയ ബാധിത പ്രദേശങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ശുദ്ധമായ ജലം വിതരണം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം നിര്‍ബന്ധമായും ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കരുത്. കൈകഴുകല്‍ എല്ലാവരും ഒരു ശീലമാക്കുക.

?പ്രളയശേഷം ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് മലമ്പനി പ്രത്യക്ഷമാകാന്‍ സാധ്യത. കെട്ടിനില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും മലമ്പനി പരത്തുന്ന കൊതുകുകള്‍ വളരും. അവിടെ കൊതുക് വളരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. രോഗബാധ ഉള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള സര്‍വിലന്‍സ് ശക്തമാക്കണം.

?പ്രളയസ്ഥലങ്ങളില്‍ എം.ആര്‍ വാക്‌സിനേഷന്‍ കുറഞ്ഞയിടങ്ങളില്‍ മീസില്‍സ് പൊട്ടിപ്പുറപ്പെടാം. ഇത്തരം സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ന്യുമോണിയയും ഉണ്ടാവാം. വാക്‌സിനേഷന്‍ ചെയ്യാത്ത കുട്ടികളുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കുക

?പനിയോടൊപ്പം നല്ല ജലദോഷവും മൂക്കടപ്പും മൂക്കൊലിപ്പും തൊണ്ടവേദനയുമുണ്ടെങ്കില്‍ രോഗം H1N1 ആകാമെന്ന് കരുതണം. ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍, ശ്വാസകോശരോഗികള്‍ എന്നിവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. H1N1 ലക്ഷണങ്ങളുള്ള ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് രോഗാരംഭത്തില്‍ തന്നെ ചികിത്സ നല്‍കണം

പ്രതിരോധ നടപടികള്‍ ചുരുക്കത്തില്‍

അടിയന്തരമായി ശ്രദ്ധിക്കേണ്ടത്:

1. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരിലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവരിലും (കര്‍ഷകര്‍, കാലികളെ വളര്‍ത്തുന്നവര്‍) പനിബാധിച്ചവര്‍ ആദ്യദിവസം തന്നെ എലിപ്പനിയുടെ ചികില്‍സ ആരംഭിക്കണം.

2. പ്രളയസ്ഥലങ്ങള്‍ ശുചീകരിക്കുന്നവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവരും കൈ-കാലുറകള്‍ ധരിക്കുകയും എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കുകയും വേണം.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. വളര്‍ച്ച പൂര്‍ത്തിയായ കൊതുകിന്റെ എണ്ണം കുറയ്ക്കുക
2. കൊതുകുകള്‍ മുട്ടയിട്ടു പെറ്റുപെരുകുന്ന സാഹചര്യം ഇല്ലാതാക്കുക

തുടരേണ്ട കാര്യങ്ങള്‍:

1. ശുദ്ധജല വിതരണം
2. കിണറുകളുടെ ക്ലോറിനേഷന്‍
3. വീട്ടില്‍ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേഷന്‍ ചെയ്യുക
4. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക
5. കൈ കഴുകല്‍

കടപ്പാട്:
ഡോ. എ. എസ്. പ്രദീപ് കുമാര്‍
ഡോ. ജയകൃഷ്ണണന്‍, പ്രൊഫസര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം
ഡോ. പുരുഷോത്തമന്‍, പ്രൊഫസര്‍, ശിശുരോഗ വിഭാഗം
ഡോ. ജി. ആര്‍. സന്തോഷ് കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here