അതിതീവ്രമഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്ത്; കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു; വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: അതിതീവ്രമഴയ്ക്ക് ശക്തി കുറഞ്ഞതോടെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്ത്.

കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 76 മരണം സ്ഥിരീകരിച്ചു. 61 പേരെ കണ്ടെത്താനുണ്ട്.

1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലുള്ളത് മലപ്പുറത്ത്,- 56,203 പേര്‍. വയനാട്ടില്‍ 37,059 പേരും കണ്ണൂരില്‍ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലാണ്.

ദുരിതാശ്വാസക്യാമ്പുകളില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ മാത്രം കേന്ദ്ര ദുരന്തനിവാരണ സേനയുടെ മൂന്ന് ടീമുകളും ആര്‍മിയുടെ മദ്രാസ് റെജിമെന്റിന്റെ ഒരു ടീമും കോസ്റ്റ് ഗാര്‍ഡിന്റെ ടീമും രംഗത്തുണ്ട്. എന്‍ജിനീയറിങ് വിഭാഗവുമുണ്ട്. പന്ത്രണ്ടടി കനത്തില്‍ മണ്ണുവീണ് ചെളി നിറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. മനുഷ്യസാധ്യമായ എല്ലാശ്രമവും നടത്തുകയാണ് രക്ഷാപ്രവര്‍ത്തകര്‍.

മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ടീമും ഉണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് രംഗത്തുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പെട്ടവരെ കണ്ടെത്തി രക്ഷിക്കാനും ഭക്ഷണവും ചികിത്സാ സൗകര്യവും ലഭ്യമാക്കാനും സാധിച്ചു. വെള്ളം ഇറങ്ങിയ ചില സ്ഥലങ്ങളില്‍ ക്യാമ്പിലുള്ളവര്‍ വീടുകളിലേക്ക് തിരികെപോകാന്‍ തുടങ്ങി.

അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച ഒരിടത്തും റെഡ് അലര്‍ട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കും.

തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും ബുധനാഴ്ച കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളക്കെട്ടിനെ തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയിരിക്കുന്നത്.

മഴ കുറവുണ്ടെങ്കിലും ജില്ലയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനില്‍ക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതും പരിഗണിച്ചാണ് അവധിയെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here