നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച വിലയിരുത്തലിന് ശേഷം തിരുവനന്തപുരം നഗരസഭ ആസ്ഥാനത്തു ചെന്നപ്പോൾ കണ്ടത്, വലിയ ആൾക്കൂട്ടം തന്നെ ദുരിതകേന്ദ്രങ്ങളിലേക്കു അയക്കാനുള്ള അവശ്യ സാധനങ്ങൾ തയാറാക്കുന്നതാണ്.

ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട് ജില്ലാകലക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഓരോ ജില്ലയിലെയും ആവശ്യങ്ങൾ മനസ്സിലാക്കിയിരുന്നു. ആ ആവശ്യങ്ങൾ മനസ്സിലാക്കി സാധനങ്ങൾ ശേഖരിക്കുന്ന അനുഭവമാണ് നഗരസഭയിൽ ഉണ്ടായത്. സാധനങ്ങളും വാങ്ങി നിരവധി പേർ എത്തുന്നു. നമ്മുടെ നാടിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു ജനക്കൂട്ടവും അവരുടെ കയ്യിലുള്ള സാധനങ്ങളും. ഈ സാധനങ്ങൾ ഏറ്റുവാങ്ങാനും അടുക്കിവെക്കാനുമായി നൂറുകണക്കിന് യുവജനങ്ങൾ സ്വയംസന്നദ്ധരായി എത്തിയിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ നമ്മുടെ യുവത്വം നൽകുന്ന ഊർജ്ജം ചെറുതല്ല.

നഗരസഭയുടെ ഏഴ് വണ്ടികൾ സാധന സാമഗ്രികളുമായി വയനാട്, മലപ്പുറം ജില്ലകളിലേക്ക് പോയിക്കഴിഞ്ഞുവെന്നാണ് മേയർ വി കെ പ്രശാന്ത് പറഞ്ഞത്. അവശ്യസാധനങ്ങൾ അടങ്ങിയ എട്ടാമത്തെയും ഒൻപതാമത്തേയും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നഗരസഭാ അങ്കണത്തിൽ നിർവ്വഹിച്ചു.

തലസ്ഥാനത്തുതന്നെ സർക്കാരിന്റേയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി സംഭരണ കേന്ദ്രങ്ങൾ പുരോഗമിക്കുന്നുണ്ട്. നമ്മുടെ സഹോദരങ്ങൾക്ക് ആപത്തു നേരിട്ട കാലത്ത് അവരെ സഹായിക്കാൻ രംഗത്തിറങ്ങിയ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.

തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയും ജില്ലയിൽ നിന്നാകെ സാധനങ്ങൾ സംഭരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ആരംഭിച്ച ശേഖരണ കേന്ദ്രത്തിലേക്കും ജനങ്ങൾ വലിയ ആവേശത്തോടെ സാധനങ്ങൾ എത്തിക്കുന്നതായാണ് മനസ്സിലാക്കിയത്. നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കും എന്ന ഉറപ്പാണ് ഈ അനുഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News