പ്രളയം: മരണം 85 ആയി; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, സര്‍വകലാശാല പരീക്ഷകളും മാറ്റി; മഴയുടെ തീവ്രത കുറയും, ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 85 മരണം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് മൃതദേഹങ്ങളാണ് തിങ്കളാഴ്ച മാത്രം കണ്ടെത്തിയത്. ഇനി 40 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. കവളപ്പാറയില്‍ നിന്ന് ഇതുവരെ 19 പേരുടെ മരണം സ്ഥിരീകരിച്ചു. സ്ഥലങ്ങളില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനാല്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളത്തില്‍ മഴയ്ക്ക് കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ദുരന്തസാധ്യത കണക്കിലെടുത്താണ് അവധി.

കാസര്‍കോട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 13 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് അവധി നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവര്‍ത്തിച്ച അങ്കണവാടികള്‍ക്കും കോളേജുകള്‍ക്കും അവധി ബാധകമാണ്. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 14നും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളുകള്‍ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.

വയനാട്ടിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തുകൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി.

കേരള സര്‍വകലാശാലയും എംജി സര്‍വകലാശാലയും 13 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നടത്താനിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളും മാറ്റിവച്ചു.

കാലിക്കറ്റ് സര്‍വകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചിട്ടുണ്ട്. ആരോഗ്യസര്‍വകലാശാല 13,14 ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ തീയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News