കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലില്‍ ഈദ് ആചരിച്ച് ജമ്മു കാശ്മീര്‍

കനത്ത ജാഗ്രതയുടെയും ആശങ്കയുടെയും നിഴലില്‍ ജമ്മു കശ്മീര്‍ ഈദ് ആചരിച്ചു. ഇക്കുറി ഒത്തുചേരലുകളും ആഘോഷങ്ങളും കശ്മീര്‍ നിവാസികള്‍ ഒഴിവാക്കി. ഈദ് ആഘോഷത്തിന് സമാധാനപൂര്‍ണമായ എല്ലാ സാഹചര്യവും ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാഴായി.

ഈദ്ഗാഹ് മൈതാനം, ഹസ്രത്ത്പാല്‍ പള്ളി, ജാമിയാ മസ്ജിദ്, സെയ്ദ് സാഹേബ് പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയില്ല. അതത് മൊഹല്ലകളിലെ (പ്രദേശം) ചെറിയ പള്ളികളില്‍ മാത്രമാണ് പ്രാര്‍ഥനയ്ക്ക് സൗകര്യമൊരുക്കിയത്.

ഞായറാഴ്ച വൈകിട്ടുതന്നെ ശ്രീനഗറിലെ നഗരകേന്ദ്രത്തിലേക്കുള്ള പ്രധാന വഴികള്‍ അടച്ചു. കഴിഞ്ഞ ഈദിനു ലഭിച്ചകച്ചവടത്തിന്റെ 10 ശതമാനംപോലും ഇക്കുറി ലഭിച്ചില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാന്‍ പോയവരെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞതായും പരാതിയുണ്ട്. അക്രമസാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഒരാഴ്ചയിലധികമായി തടവില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ക്ക് പ്രാര്‍ഥനക്ക് സൗകര്യമൊരുക്കിയതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. രാഷ്ട്രീയനേതാക്കളില്‍ ചിലര്‍ക്ക് സെന്റോര്‍ ഹോട്ടലില്‍ പ്രാര്‍ഥനയ്ക്ക് സൗകര്യമൊരുക്കിയിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ള സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല.

ശ്രീനഗറിലെ പൊതുപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തരിഗാമി എവിടെയാണെന്ന് അറിയില്ല. കശ്മീരില്‍ ശാന്തിയും സമാധാനവും നിറഞ്ഞ ഈദ് ആഘോഷങ്ങള്‍ നടന്നതായി പൊലീസ് അവകാശപ്പെട്ടു.

ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത്ഡോവല്‍ തിങ്കളാഴ്ചയും ചില മേഖലകള്‍ സന്ദര്‍ശിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ അനുവദിച്ചതായും പൊലീസ് അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News