നമ്മള്‍ അതിജീവിക്കും, എല്ലാം ഒരുമിച്ച് നേരിടാം, സര്‍ക്കാര്‍ നാടിനൊപ്പം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി

കല്‍പ്പറ്റ: സംസ്ഥാനം നേരിട്ട ദുരന്തത്തെ ഒറ്റകെട്ടായി നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിനാകെ വലിയ പ്രയാസമാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്യാമ്പില്‍ കഴിയുന്നവരില്‍ വീട് പൂര്‍ണമായും നഷ്ട്ടപെട്ടവരുണ്ട്. ഉറ്റവരും ഉടയവരും നഷ്ടടപ്പെട്ടവരുണ്ട്.

വീടിനു സാരമായി കേടുപാട് പറ്റിയവരുണ്ട്. എല്ലാവരും ഒന്നിച്ചുനിന്ന് നമുക്ക് നേരിട്ട ദുരിതവും കഷ്ടപ്പാടുകളും അതിജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് മേപ്പാടി ഹയര്‍സെക്കന്ററി സ്‌കൂളിലെ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.

സര്‍ക്കാര്‍ വിവിധ കാര്യങ്ങളാണ് ചെയ്യുന്നത്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുന്നത്. ഇനി പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുന്നിലുള്ളത്.

സ്ഥലവും വീടും പോയവരുണ്ട്. കൃഷിനാശം സംഭവിച്ചവരുണ്ട്. വീടുകള്‍ക്ക് കേടുപാട് പറ്റിയവരുണ്ട്. ഇതിനെയെല്ലാം നാം ഒന്നിച്ചുനിന്ന് പരിഹരിക്കാന്‍ കഴിയണം.

മണ്ണിനടിയില്‍പെട്ട കുറച്ചു ആളുകളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നാടിനോടൊപ്പം സര്‍ക്കാര്‍ നേതൃത്വം കൊടുക്കും. അപകടം ഉണ്ടായ നാള്‍മുതല്‍ എ കെ ശശീന്ദ്രനും രാമചന്ദ്രന്‍ കടന്നപ്പള്ളി അടക്കമുള്ള മന്ത്രിമാര്‍ ഇവിടെയുണ്ടായിരുന്നു.

ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും ഒന്നിച്ചുനിന്നുകൊണ്ട് നേരിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരമണിക്കൂറോളം ക്യാമ്പില്‍ ചിലവഴിച്ച് ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡിജിപി ലോക്‌നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News