മാധ്യമപ്രവർത്തകനെ കാറിടിച്ച്‌ കൊന്ന കേസ്‌; ശ്രീറാമിന്‌ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച്‌ കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ കേസിന്റെ തെളിവുശേഖരണത്തിലടക്കം സർക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹ‍ർജിയിൽ ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്.

അതേസമയം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനത്തിന്റെ ക്രാഷ്‌ ഡാറ്റ റെക്കോഡർ പരിശോധിക്കും. കാർനിർമാതാക്കളായ വോക്‌സ്‌വാഗൻ അധികൃതരോട്‌ പരിശോധനയ്‌ക്ക്‌ തലസ്ഥാനത്ത്‌ എത്താൻ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകടസമയത്ത്‌ വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള വിവരങ്ങൾ ക്രാഡ്‌ ഡാറ്റ റെക്കോഡർ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാർ.

ചികിത്സയിലായിരുന്ന ശ്രീറാം തിങ്കളാഴ്‌ച മെഡിക്കൽ കോളേജാശുപത്രി വിട്ടു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണിത്‌. നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. നാലുദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിൽനിന്ന്‌ മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു. വൈകിട്ട്‌ അഞ്ചരയോടെയാണ്‌ ശ്രീറാം ആശുപത്രിയിൽനിന്നു പോയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here