ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജം: സഹായവുമായി രംഗത്തുള്ളത് നാലായിരത്തിലധികം പ്രവര്‍ത്തകര്‍

തിരുവനന്തപുരം: പ്രളയമേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് മന്ത്രി ഷൈലജ ടീച്ചര്‍.

ആരോഗ്യവകുപ്പിന്റെ നാലായിരത്തിലധികം പ്രവര്‍ത്തകരാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്തുള്ളത്. മഴ മാറിയാലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരെങ്കിലും സഹായിക്കാന്‍ വരുമ്പോള്‍ അത് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ സംസ്ഥാന അവലോകനയോഗം ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍.

മഴക്കെടുതി ആരംഭിച്ചതുമുതല്‍ ആശുപത്രികള്‍ എല്ലാം സജ്ജമാക്കിയിരുന്നു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

ഓരോ ജില്ലക്കും നോഡല്‍ ഓഫീസറെ നിയോഗിച്ചു. ക്യാമ്പില്‍ ഉള്ളവര്‍ക്കുള്ള മരുന്നുകള്‍ എത്തിക്കുന്നുണ്ട്. എത്തിപെടാന്‍ കഴിയാത്ത റൂറല്‍ ഏര്യകളില്‍ മെഡിക്കല്‍ സംഘം എത്തിയിട്ടുണ്ട്. എവിടെങ്കിലും പ്രശ്‌നമുണ്ടങ്കില്‍ അറിയിച്ചാല്‍ പരിഹരിക്കാനുള്ള നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനോട് മരുന്നുകള്‍ കൂടുതലായി ആവശ്യപെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

മഴ കഴിയുമ്പോഴും ജനങ്ങള്‍ ജാഗ്രതപാലിക്കണം എലിപനിക്കും മറ്റ് രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. കിണറുകളും മറ്റ് ജലാശയങ്ങളും മലിനമായതിനാല്‍ കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്ന ജലം ക്ലോറിനേഷന്‍ നടത്തണം. ശുചീകരണപ്രവര്‍ത്തനവും  രക്ഷാ പ്രവര്‍ത്തനവും നടത്തുന്നവര്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു.

ആരെങ്കിലും സഹായവുമായി വരുമ്പോള്‍ അത് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒരുമിച്ച് നിന്ന് പ്രളയത്തെ അതിജീവിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here