സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മലപ്പുറത്തെ കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.
മണ്ണിനടിയില്‍ ഇനിയും 44 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് പറയുന്നത്.മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. നാലുദിവസത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 90 ആയി. സര്‍ക്കാരിന്റെ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 83 ആണ്. 52 പേരെ ഇനിയും കണ്ടെത്താനുണ്ട്.ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.