കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ട് നിരാലംബരായ ജനതയ്ക്ക് മുന്നില്‍ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും പ്രതിരൂപമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. നഷ്ടം സംഭവിച്ചവര്‍ക്ക് ഒപ്പം സര്‍ക്കാര്‍ എന്നും ഉണ്ടാകുമെന്നും അതിജീവനത്തിന്റെ പാതയില്‍ ദുരന്ത ബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ഏതറ്റം വരെയും കൂടെ ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കവളപാറയിലെ ജനതയ്ക്ക് നല്‍കിയത് പുതു ജീവനത്തിന്റെ പ്രതീക്ഷയാണ്

ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞു വീണ മണ്ണിനടിയില്‍ കൂടെയുള്ളവരും വീടും ജീവിതത്തിലെ സര്‍വ്വ സമ്പാദ്യവും നഷ്ടപ്പെട്ട് ക്യാമ്പില്‍ കഴിയുന്ന ജനങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്. സര്‍വ്വം നഷ്ടപ്പെട്ടെങ്കിലും വലിയ പ്രതീക്ഷയോടെയാണ് ക്യാമ്പ് നിവാസികള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ദുരിത ഭൂമിയില്‍ ഒറ്റപ്പെട്ട് പോയവരുടെ വിഷമതകള്‍ മുഖ്യമന്ത്രി നേരിട്ട് ചോദിച്ചു മനസ്സിലാക്കി.

വീട് നഷ്ടപ്പെട്ടവര്‍ക്കും സ്ഥലം ഉപയോഗശൂന്യമായവര്‍ക്കും സര്‍ക്കാര്‍ വാസ സ്ഥലം ഉറപ്പാക്കുമെന്നും, കവളപ്പാറയിലെ ദുരിതം അനുഭിക്കുന്ന ജനങ്ങള്‍ക്കൊപ്പം കേരളം ഒറ്റക്കെട്ടായി തന്നെ ഉണ്ടെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എല്ലാ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും കേരളം ഒരുമയോടെയും ഐക്യത്തോടെയും അതി ജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പ് നിവാസികള്‍ക്കുള്ള എല്ലാ അടിയന്തര സഹായവും ഉറപ്പ് നല്‍കിയാണ് മുഖ്യമന്ത്രി കവളപ്പാറയില്‍ നിന്നും മടങ്ങിയത്. തുടര്‍ന്ന് പോത്തുകല്‍ ഗ്രാമ പഞ്ചായത്തില്‍ മന്ത്രിമാരും എംഎല്‍എമാരും കളക്റ്ററും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി നിലമ്പൂരില്‍ നിന്നും മടങ്ങിയത്.