പ്രളയബാധിതര്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ച നൗഷാദിന് കൊച്ചിയിലെ വഴിയോര കച്ചവട തൊഴിലാളികളുടെ ആദരം

പ്രളയക്കെടുതി നേരിടുന്നവര്‍ക്കായി ചാക്കുകളില്‍ പുതു വസ്ത്രം നിറച്ച് സമ്മാനിച്ച നൗഷാദിന് കൊച്ചിയിലെ വഴിയോര കച്ചവട തൊഴിലാളികളുടെ ആദരം. മറൈന്‍ ഡ്രൈവിലെ പാതയോരത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് സഹപ്രവര്‍ത്തകര്‍ നൗഷാദിനെ ആദരിച്ചത്.

കൂട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് നൗഷാദിനെ തോളിലേറ്റി ആര്‍പ്പുവിളിച്ചുകൊണ്ടാണ് സ്വീകരണ സമ്മേളന വേദിയിലേക്ക് എത്തിച്ചത്. സമ്മേളന വേദിയിലിരിക്കുമ്പോഴും നൗഷാദിന് ഫോണിലൂടെയുള്ള അഭിനന്ദന പ്രവാഹമായിരുന്നു. നന്മയുടെ നക്ഷത്രമായി ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന പേരാണ് നൗഷാദിന്റേതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് പറഞ്ഞു.

വഴിയോര കച്ചവടക്കാരുടെ വഴികാട്ടിയാണ് നൗഷാദെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ വാക്കുകള്‍. ആശംസ വാക്കുകള്‍ക്കു ശേഷം പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും മാലയിട്ടും ഗംഭീര സ്വീകരണം. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ ചിലര്‍ തിരക്കു കൂട്ടി. തുടര്‍ന്ന് ചുരുങ്ങിയ വാക്കുകളില്‍ നൗഷാദിന്റെ മറുപടി.

പ്രശസ്തിക്ക് വേണ്ടിയല്ല താന്‍ ഇതൊന്നും ചെയ്തതെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് നമ്മുടെ കടമയാണെന്നും പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടി.

അതേ സമയം നൗഷാദിന്റെ സല്‍പ്രവൃത്തിക്ക് ഉപഹാരം നല്‍കാന്‍ ഉര്‍ദു മജ്‌ലിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചു.നവംബറില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അസോസിയേഷന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here