കുപ്രചരണങ്ങളെ തളളികളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം പ്രവഹിക്കുന്നു. മൂന്ന് ദിവസം കൊണ്ട് മാത്രം ദുരിതാശ്വാസ നിധിയിലെത്തിയത്‌നാല് കോടി എണ്‍പത് ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് കൊണ്ടുപിടിച്ച പ്രചാരണം നടക്കുന്നതിനിടെയാണ് നല്ലവരായ മനുഷ്യര്‍ പണം നിക്ഷേപിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം ലഭിച്ചത് ഒരു കോടി അറുപത്തി ഒന്ന് ലക്ഷം രൂപ, തിങ്കളാഴ്ച്ച മാത്രം ലഭിച്ചത് രണ്ട് കോടി അറുപത് ലക്ഷം, ഞായറാഴ്ച്ച ലഭിച്ചത് എണ്‍പത് ലക്ഷം.ദുരിതാശ്വാസ നിധിക്കായി തുറന്നിരിക്കുന്ന വിവിധ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറമെയാണിത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഹ്വാനം ജനം തളളി കളഞ്ഞിരിക്കുന്നു എന്നതിന്റെ ഉത്തമമായ തെളിവാണിത്.

മഹാപ്രളയത്തിന് ശേഷം ഇതുവരെ നിധിയിലേക്ക് 4359 കോടിരൂപ ലഭിച്ച് കഴിഞ്ഞു. ശരാശരി ഒരു ദിവസം 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക. എന്നാല്‍ മഴകെടുതി ആരംഭിച്ചതിന് ശേഷം സഹായധനം പ്രവഹിക്കുന്നു എന്നാണ് ഇത് വ്യക്തമാകുന്നത്. ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിനു ശ്രമം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വ്യാജ ഐഡി സൃഷ്ടിച്ച് തട്ടിപ്പിനും ശ്രമം നടക്കുന്നുണ്ട്.

യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്.അക്ഷരത്തിലെ നേരിയ വ്യത്യാസം വഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേയ് തുടങ്ങിയവ വഴി പണം അയക്കുന്നവരെ കമ്പളിപ്പിച്ച് പണം തട്ടിയെടുക്കാനാണ് നീക്കം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഇരവിപേരൂര്‍ പൊയ്കപ്പാടി സ്വദേശി രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്രചരണങ്ങള്‍ നടത്തിയസംഭവത്തില്‍ 27 കേസുകള്‍ ആണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ അറിയിച്ചു.