ശേഖരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

പ്രളയബാധിത ജില്ലകളില്‍ സഹായം എത്തിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ടി. എം. വര്‍ഗീസ് ഹാളിലെ പ്രധാന ശേഖരണ കേന്ദ്രത്തിലേക്ക് സഹായ പ്രവാഹം തുടരുന്നു.

ഇതുവരെ എട്ടു ലോഡുകളാണ് ഇവിടെ നിന്ന് അയച്ചത്. ശേഷിക്കുന്ന പ്രളയസഹായ വസ്തുക്കളും പുതുതായി എത്തിക്കുന്നവയും വരുംദിവസങ്ങളിലായി കയറ്റി അയക്കും. താലൂക്ക്തലം, സംഘടനകള്‍, ക്ലബുകള്‍ എന്നിവ മുഖേനയും വ്യക്തികളില്‍ നിന്നുമാണ് കൂടുതലായി സഹായം എത്തുന്നത്. യുവജനങ്ങളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സന്ദര്‍ശനം നടത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സഹായ വസ്തുക്കള്‍ ക്രോഡീകരിച്ച് ഗുണനിലവാരം ഉറപ്പാക്കി കാലാവധിയും പരിശോധിച്ച് കയറ്റിവിടുന്നതിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സജീവമാണ്.

പലതരം ദുഷ്പ്രചരണങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ തള്ളികളഞ്ഞാണ് സഹായമെത്തിക്കാനായി ഭൂരിപക്ഷവും പ്രയത്‌നിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി സംതൃപ്തി അറിയിച്ചു.
സാധ്യമായ തോതില്‍ ചെറുസഹായങ്ങള്‍ കൈകളിലേന്തിയും വാഹനങ്ങളില്‍ നിറച്ചും ഒട്ടേറെപ്പേരാണ് ഇന്നലെയും എത്തിയത്. പ്രളയം ഏറ്റവും കൂടുതല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലേക്ക് നാല് ലോഡ് അവശ്യ സാധനങ്ങളാണ് കയറ്റി അയച്ചത്. മലപ്പുറത്തേക്ക് രണ്ടും വയനാട്ടിലേക്ക് ഒരു ലോഡും കൊണ്ടുപോയി. ഒരു ലോറി നിറയെ കൂടിവെള്ളവും കോഴിക്കോട്ടേക്ക് അയച്ചു.

ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അഭ്യര്‍ഥന പ്രകാരം ആവശ്യമുള്ള വസ്തുക്കള്‍ തിരഞ്ഞെടുത്താണ് എത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീടും പരിസരവും വൃത്തിയാക്കാനായുള്ള ക്ലീനിംഗ് വസ്തുക്കള്‍ കൂടുതലായി സമാഹരിച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് അവശ്യവസ്തുക്കളുടെ വിവരം കൈമാറുന്നത്. വസ്ത്രങ്ങളും, ക്ലീനിങ് ലോഷനുകളും, ബക്കറ്റ്, മഗ്ഗ്, ഡെറ്റോള്‍, മോപ്പ്, ചൂല്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് ഇതു സഹായകമായി.

24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഇവിടെ സേവന സന്നദ്ധരായി 500ലേറെ കോളേജ് വിദ്യാര്‍ഥികളുമുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഏകോപനം നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News