ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി നീങ്ങി ചന്ദ്രയാന്‍ 2. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷമാണ് മുന്‍നിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയില്‍ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞര്‍ കടന്നത്.

ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്ന ഈ പ്രക്രിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. വിക്ഷേപണവേളയില്‍ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍ 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്.

ആറു ദിവസം കൂടിക്കഴിഞ്ഞ് ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ 2 എത്തുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. തുടര്‍ന്ന് പേടകത്തിന്റെ വേഗവും അകലവും പടിപടിയായി കുറച്ച് ഉദ്ദേശം 100 കിലോമീറ്റര്‍ അകലത്തില്‍ ചന്ദ്രന്റെ ചുറ്റും പേടകം വലയം വയ്ക്കും. തുടര്‍ന്നാണ് മുന്‍നിശ്ചയപ്രകാരം സെപ്റ്റംബര്‍ ഏഴിന് പേടകത്തിലെ റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുക.