പ്രളയകാലത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ച മലയാളിയുടെ മതേതര മനസ്സിനെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ആല്‍ബം ശ്രദ്ധേയമാകുന്നു.മട്ടാഞ്ചേരി സ്വദേശികളാണ് ആല്‍ബത്തിന്റെ ശില്പികള്‍.ഒരു ഇടവേളക്കു ശേഷം എം കെ അര്‍ജുനന്‍മാസ്റ്ററുടെ സംഗീതത്തില്‍ ഒരു ഗാനം പുറത്തിറങ്ങുന്നു എന്ന പ്രത്യേകതയും ഈ സംഗീതാല്‍ബത്തിനുണ്ട്.

ഒന്നായവര്‍ എന്നാണ് ഈ സംഗീതാല്‍ബത്തിന് പേര്.പേര് പോലെത്തന്നെ പ്രളയകാലത്തെ ഒരുമയെക്കുറിച്ച് ഗാനം ഓര്‍മ്മിപ്പിക്കുന്നു.രണ്ടാം പ്രളയത്തെ സംസ്ഥാനം അതിജീവിക്കുമ്പോള്‍ ഏറെ പ്രസക്തമാണ് പാട്ടിന്റെ വരികള്‍.

ജാതിമതവ്യത്യാസമില്ലാതെ കേരള ജനത ഒറ്റക്കെട്ടായി പ്രളയത്തെ അതിജീവിച്ച കഥയെക്കുറിച്ചുള്ള ഈ ഗാനം പിന്നണി ഗായകനായ അഫ്‌സലിനൊപ്പം പാടിയത് മട്ടാഞ്ചേരിക്കാരനായ സലീമും ശ്രീഷ്മയുമാണ്.

ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന എം കെ അര്‍ജുനന്‍മാസ്റ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.ഗാനത്തിന്റെ പ്രമേയത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് അവശതകള്‍ക്കിടയിലും മാസ്റ്റര്‍ സംഗീതം ചെയ്തതെന്ന് വരികളെഴുതിയ കെ എം അബ്ദുല്ല പറഞ്ഞു.

ഗാനം യൂട്യൂബില്‍ റിലീസ് ചെയ്യാനാണ് ആല്‍ബത്തിന്റെ പിന്നണിപ്രവര്‍ത്തകരുടെ തീരുമാനം.