കെവിന്റേത് ദുരഭിമാനകൊലയാണെന്നും കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യം. സംഭവം ദുരഭിമാനകൊലയല്ലെന്ന് പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദീകരണം കേട്ടശേഷം വിധി പറയാന്‍ കേസ് ഈ മാസം 22ലേക്ക് മാറ്റി.

മൂന്ന് മാസത്തെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാനിരുന്ന കോടതി, കെവിന്റേത് ദുരഭിമാന കൊലയാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരു വിഭാഗങ്ങളുടെയും വാദം കേട്ടു. കെവിന്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ടതിനാലാണ് നീനുവിന്റെ പിതാവ് ചാക്കോയും, സഹോദരന്‍ ഷാനുവും വിവാഹത്തെ എതിര്‍ത്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസിലെ സാക്ഷിയും ചാക്കോയുടെ അയല്‍വാസിയുമായ ലിജോ നല്‍കിയ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

നീനുവിന്റെ രഹസ്യ മൊഴിയിലും ദുരഭിമാന കൊലയെന്ന സൂചനയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ വ്യക്തമാക്കി. കെവിന്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടയാളാണെന്ന വില്ലേജ് രേഖകളും പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു. അഞ്ച് വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നടന്ന സമാന കേസ് ചൂണ്ടിക്കാട്ടി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണക്കാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. എന്നാല്‍ ഒരു മാസത്തിനകം കെവിനും നീനുവുമായുള്ള വിവാഹം നടത്താമെന്ന് ചാക്കോ സമ്മതിച്ചെന്നും, രണ്ടു പേരും ക്രൈസ്തവരാണെന്നും ഉള്ള അനീഷിന്റെ മൊഴിയും പ്രതിഭാഗം ഉയര്‍ത്തി. പ്രതികള്‍ വിവിധ ജാതിയില്‍ പെട്ടവരാണെന്നും, ജാതീയമായ വൈരാഗ്യം വരില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം