അപ്രതീക്ഷിതമായിരുന്നു കവളപ്പാറയെ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ തേടിയെത്തിയ ആ ദുരന്തം. ഓരോ മൃതദേഹങ്ങളും പുറത്തെടുക്കുമ്പോള്‍ ആ അപ്രതീക്ഷ എത്രത്തോളമായിരുന്നെന്ന് വ്യക്തമാകും. കവളപ്പാറയില്‍ സംഭവിച്ച വന്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരാനിരിക്കുന്നതേ ഉളളൂ. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ നിരവധി പേരുടെ ശരീരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. തിരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കെ കവളപ്പാറ അടക്കമുളള ദുരന്തഭൂമികകളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഹൃദയം പിളര്‍ക്കുന്നതാണ്. കവളപ്പാറയില്‍ താമസക്കാരനായിരുന്ന പ്രിയദര്‍ശന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത് ബൈക്കില്‍ ഇരിക്കുന്ന അവസ്ഥയിലാണ്.