കേരളം വീണ്ടും അഭിമുഖീകരിച്ച പെരുമഴയുടെ ദുരിതത്തില്‍ നിന്നും നമ്മള്‍ ഒരുമിച്ച് പതിയെ കരകയറുകയാണ്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വലിയതോതിലുള്ള സഹായങ്ങളാണ് ദുരിതബാധിത മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഈ മഴക്കാലം വലിയ ദുരിതം വിതയ്ക്കാത്ത തിരുവനന്തപുരത്ത് മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടുകഴിഞ്ഞു.

മലപ്പുറത്തേക്കും വയനാട്ടിലേക്കുമായി ഉത്തരമലബാറിലെ ദുരിതബാധിത മേഖലകളിലേക്ക് 32 ലോഡ് അവശ്യവസ്ഥുകളാണ് തിരുവനന്തപുരം കോര്‍പറേഷന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങള്‍ സജ്ജീകരിച്ച കലക്ഷന്‍ പോയിന്റുകള്‍ വഴിശേഖരിച്ച് എത്തിച്ച് നല്‍കിയിരിക്കുന്നത്.

ഇതിന് പുറമെ തിരുവനന്തപുരത്ത് നിന്നുള്ള മെഡിക്കല്‍ സംഘവും, ഇലക്ട്രീഷ്യന്‍മാര്‍ ഉള്‍പ്പെടുന്ന സംഘവും മലബാറിലെ ദുരിതബാധിത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തിന്റെ ഈ സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിച്ചിരിക്കുകയാണ് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.

ദുരിതബാധിത മേഖലകളിലേക്ക് നാനാ ഭാഗത്തുനിന്നും സഹായങ്ങള്‍ എത്തുന്നുണ്ട് എല്ലാത്തിനും നന്ദി ഈ മഴക്കാലം വലിയ ദുരന്തം വിതയ്ക്കാത്ത തിരുവന്തപുരം കാണിക്കുന്ന കരുതല്‍ എടുത്ത് പറയേണ്ടതാണ്.

ഒരുപാട് മേഖലകള്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെയാണ് ഇവരെ കൈപിടിച്ചുയര്‍ത്താന്‍ ഇനിയും സഹായങ്ങള്‍ ആവശ്യമാണെന്നും കോഴിക്കോട് മേയര്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് ഫെയ്‌സ്ബുക്കിലാണ് കോഴിക്കോട് കോര്‍പരേഷന്‍ മേയറുടെ വീഡിയോ സന്ദേശം പങ്കുവച്ചത്.