കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇതിനായുള്ള പട്ടിക പ്രസിദ്ധീകരിക്കും. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു. മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണു തീരുമാനം. ബുധനാഴ്ച ഒരു മൃതദേഹം കൂടി കവളപ്പാറയില്‍നിന്ന് കണ്ടെത്തി. നിലവില്‍ കവളപ്പാറയില്‍നിന്ന് 26 മൃതദേഹങ്ങളാണു കണ്ടെത്തിയത്. ഇനി കണ്ടെത്താനുള്ളത് 33 പേരെ. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നു വീണ്ടും മഴ തുടങ്ങി. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തില്‍ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. ഇന്നലെ വൈകുന്നേരം 5നു തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി.