പെരുമഴയും പ്രളയവും തീര്‍ത്ത ദുരിതത്തില്‍ കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ദിവസങ്ങളായി കഴിയുന്നത് ക്യാമ്പുകളിലാണ്.

കേരളീയരും അന്യദേശങ്ങളില്‍ നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയവരുമുള്‍പ്പെടെ ഒനേകരാണ് ദിവസങ്ങളായി ക്യാമ്പില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മറ്റൊരു ദുരിതത്തെക്കൂടി മറികടക്കുന്നത്.

സ്വന്തം നാട്ടില്‍ നിന്ന് പട്ടിണിമാറ്റാന്‍ തൊഴില്‍ തേടി കേരളത്തിലേക്കെത്തിയവര്‍ക്ക് ഇത് അതിജീവനത്തിന്റെ മറ്റൊരു പാഠമ കൂടി പകര്‍ന്ന് നല്‍കുന്നു.

ദുരിതമനുഭവിക്കുന്ന വേളയില്‍ കേരളം പരസ്പരം കാണിക്കുന്ന കരുതവും സ്‌നേഹവും പരിഗണനയുമൊക്കെ അവര്‍ക്ക് പുതിയ അനുഭവമാണ്.

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി അരോളി ഗവ സ്‌കൂളിലെ ക്യാമ്പില്‍ ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, രാജസ്ഥാന്‍ സ്വദേശികളായ 109 പേരാണ് ഉണ്ടായിരുന്നത്.

പ്രളയം അവര്‍ക്ക് ഒരു പുതിയ കാര്യമല്ല.എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. പായ, ഭക്ഷണം, വസ്ത്രം, ഡോക്ടര്‍മാരുടെ സേവനം, പിന്നെ ഒട്ടും പരിചയമില്ലാത്തവരുടെ കരുതലും സ്‌നേഹവും.

അധ്യാപകര്‍, യുവജന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നും ലഭിച്ച സേവനം അവര്‍ക്ക് വിലമതിക്കാനാകാത്തതാണ്.

നാല് ദിവസത്തെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും പടിയിറങ്ങുമ്പോള്‍ അവരുടെ നന്ദിയാണ് ബോര്‍ഡില്‍ കുറിച്ചിട്ട വാക്കുകള്‍.