പ്രളയ ദുരിതത്തില്‍ ആശ്വാസമേകി യുഎഇ പൗരന്‍. കേരളത്തില്‍ ചികിത്സക്ക് വന്നതാണ് യുഎഇ പൗരനായ ശൈഖ് അബ്ദുള്ള സുലൈമാന്‍. ദുബായില്‍ ജോലി ചെയ്യുന്ന സുഹൃത്ത് കൂരാച്ചുണ്ടിലെ കുഞ്ഞബ്ദുള്ള മുഖേനയാണ് പെരുന്നാളിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം കൂരാച്ചുണ്ടിലെത്തിയത്.

കേരളത്തിലെത്തിയ ഉടന്‍ അദ്ദേഹം കാണുന്നത് പ്രളയക്കെടുതികളായിരുന്നു . ചികിത്സയും വിശ്രമവുമായി കഴിഞ്ഞ യു.എ.ഇ പൗരന്റെ മുന്നില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലും നൂറ് കണക്കിനാളുകള്‍ ബുദ്ധിമുട്ടുന്നതും അവിടേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍ പെടുത്തിയ നാട്ടുകാരോട് സഹായം ചെയ്യാനുള്ള സന്മനസ്സ് അറിയിക്കുകയായിരുന്നു.

ഡിവൈഎഫ്‌ഐ വിഭവ സമാഹരണ കേന്ദ്രത്തില്‍ നേരിട്ടെത്തി പ്രവര്‍ത്തകരുടെ കയ്യില്‍ മുപ്പതിനായിരം രൂപയേല്‍പ്പിച്ചു. മലയാളിയുടെ ദുരന്തത്തില്‍ കരളലിയുന്ന വിദേശിയുടെ മുന്നില്‍ എങ്ങനെ നന്ദി പറയണമെന്നറിയാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈകുപ്പി നിന്നു.

എന്താവശ്യത്തിനും താന്‍ കൂടെയുണ്ടെന്ന ഉറപ്പ് നല്‍കിയാണ് ശൈഖ് അബ്ദുള്ള സുലൈമാന്‍ മടങ്ങിയത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍ കെ.ജി, ശരത് ലാല്‍, ജസ്റ്റിന്‍ ജോണ്‍, അക്ഷയ്, റഫീക്, സുബൈര്‍ എന്നിവരാണ് വിഭവ ശേഖരണത്തിന് നേതൃത്വം കൊടുക്കുന്നത്.