പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ അടിച്ചുകൊന്ന കേസില്‍ ആറു പ്രതികളെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കേസിലെ പ്രായപൂര്‍ത്തിയായ 6 പ്രതികളെയും ആല്‍വാര്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

2017 ഏപ്രില്‍ 1ന് ആയിരുന്നു കര്‍ഷകനായ പെഹ്ലുഖാനെയും മക്കളെയും പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആല്‍വാറില്‍ വച്ച് ഗോരക്ഷകര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ പെഹ്ലുഖാന്‍ കൊല്ലപ്പെട്ടു. ഗോരക്ഷകരുടെ ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ രാജ്യ വ്യാപക പ്രതിഷേധത്തിന് ഇത് വഴിയൊരുക്കിയിരുന്നു.

ഈ കേസിലെ 6 പ്രതികളെയുമാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി ആല്‍വാര്‍ അഡിഷണല്‍ ജില്ലാ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൊണ്ട് മാത്രം പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു.

വിപിന്‍ യാദവ്, രവീന്ദ്ര കുമാര്‍, കലുറാം, ദയാ റാം, യോഗേഷ് കുമാര്‍, ഭീം രതി എന്നീ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ പ്രതികള്‍ക്കെതിരായ ആരോപണം സിബി സിഐഡിയും നിഷേധിച്ചിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

വിധി ചോദ്യം ചെയ്ത് രാജസ്ഥാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ യോഗേന്ദ്ര ഘട്ടനാ മാധ്യമങ്ങളോട് പറഞ്ഞു. നിയമവിരുദ്ധമായി പശുക്കടത്ത് നടത്തിയെന്ന് ആരോപിച്ച് പെഹ്ലുഖാന്റെ മക്കള്‍ക്കെതിരായ കേസ് ഇപ്പോഴും നിലനില്‍ക്കെയാണ് കോടതി വിധി. കോടതി വിധിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.