അധ്യാപികക്കെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ച ജന്മഭൂമി ഓണ്‍ലൈന് വക്കീല്‍ നോട്ടീസ്. പ്രളയബാധിതര്‍ക്ക് സഹായം നല്‍കരുതെന്ന വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്തായതിന് പിന്നാലെ സ്‌ക്രീന്‍ഷോട്ടുകള്‍ അധ്യാപിക നിര്‍മ്മിച്ചതാണെന്ന് വാര്‍ത്ത നല്‍കിയതിനാണ് ജന്‍മഭൂമിക്കെതിരെ കണ്ണൂര്‍ സ്വദേശിനിയായ അധ്യാപിക വക്കീല്‍ നോട്ടീസ് അയച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് തുരങ്കം വെയ്ക്കുന്ന സംഘപരിവാറിന്റെ രഹസ്യഗ്രൂപ്പിലെ ചര്‍ച്ച പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാന്‍ അധ്യാപികക്കെതിരെ ജന്‍മഭൂമി വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ആഗസ്റ്റ് 11 ന് സംഘപരിവാറിന്റെ വാട്ട്‌സ്അപ്പ് ഗ്രൂപ്പ് ആയ സുദര്‍ശനത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രളയബാധിതരെ യാതൊരു കാരണവശാലും സഹായിക്കരുതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസപെടുത്തണമെന്നും ചര്‍ച്ചകള്‍ നടന്നത്. തൊട്ട് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ അധ്യാപിക ഷബ്‌ന മനോഹരന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നായിരുന്നു ജന്‍മഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്ത. ഈ വാര്‍ത്തക്കെതിരെയാണ് അധ്യാപികയായ ഷബ്‌ന പത്രത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്.

ജന്‍മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്റെ ഫോട്ടോ അടക്കം ദുരുപയോഗം ചെയ്തതായി അധ്യാപിക ആരോപിക്കുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഷബ്‌നക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയിരുന്നു.

തനിക്കെതിരായ വ്യാജ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ 10 ലക്ഷം രൂപക്ക് മാനനഷ്ടക്കേസ് കൊടുമെന്നാണ് അഡ്വ. കെ വിശ്വന്‍ മുഖാന്തിരം അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.