ദുരിതാശ്വാസക്യാമ്പില്‍ സഹായവുമായി എത്തിയ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൂട്ടായി ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയെ പിരിയാന്‍ ആറു മാസം പ്രായമുള്ള മേഘ്‌ന വിസമ്മതിച്ചതോടെ അമ്മയ്ക്ക് ബലം പ്രയോഗിക്കേണ്ടി വന്നു.

എറണാകുളം ഏലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദുരിതബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു ലാല്‍ജിയും സംഘവും.

ഏലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ താമസിക്കുന്ന ഏലൂര്‍ ഗ്രാമപഞ്ചായത്തിലെ ദുരിതബാധിതര്‍ക്കാണ് കൈത്താങ്ങായി കൊച്ചി സെന്‍ട്രല്‍ പോലീസിന്റെ സംഘമെത്തിയത്. ക്യാമ്പില്‍ കഴിയുന്ന 110 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് പോലീസ് ശേഖരിച്ച് വിതരണം ചെയ്തു.

ക്യാമ്പിലെ അന്തേവാസികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെയാണ് എസിപി ലാല്‍ജിയുടെ കൈകളിലേക്ക് ആറുമാസം മാത്രം പ്രായമുള്ള മേഘ്‌ന എത്തിയത്. എ സി പിയുമായി വളരെ പെട്ടെന്ന് ചങ്ങാത്തത്തിലായ മേഘ്‌ന തിരിച്ചുപോകാന്‍ തയ്യാറായില്ല.

പോലീസുകാര്‍ക്ക് ഒപ്പം യാത്ര തിരിക്കാന്‍ തയ്യാറായി എസിപിയുടെ മടിയിലിരുന്ന മേഘ്‌നയെ പലതവണ അമ്മ വിളിച്ചു. ലാല്‍ജിയെ വിട്ടുപിരിയാന്‍ മേഘ്‌ന തയ്യാറാകാതെ വന്നതോടെ അമ്മയ്ക്ക് ബലം പ്രയോഗിക്കേണ്ടി വന്നു. സാധാരണ കുട്ടികള്‍ക്ക് കാക്കിയോട് ഭയം ഉണ്ടാകാറുള്ളപ്പോള്‍ കുഞ്ഞു മേഘ്‌നക്ക് പോലീസുകാരനോടുണ്ടായ സ്‌നേഹം ക്യാമ്പിലുള്ളവരുടെ മനസ്സില്‍ കൗതുകവും സന്തോഷവും നിറച്ചു.

ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കല്‍ മാത്രമല്ല, ദുരിതങ്ങളില്‍ അവര്‍ക്ക് കൈത്താങ്ങാവാനും തങ്ങള്‍ക്ക് ആവുമെന്ന് തെളിയിക്കുക കൂടിയായിരുന്നു എലൂരിലെ ക്യാംപില്‍ സഹായവുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍.