പേമാരിക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഭൂമിയിൽ വിള്ളൽ വീഴുന്ന പ്രതിഭാസമാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തുന്നത്. പയ്യാവൂർ ഷിമോഗ കോളനി,കാവുമ്പായി,ഇരിട്ടി അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏക്കർ കണക്കിന് ഭൂമിയിൽ വലിയ വിള്ളലുകൾ വീണത്.കാവുമ്പായിലെ മാവില ചാത്തോത്ത് നാരായണൻ നമ്പ്യാരുടെ വീടിന് വിള്ളൽ വീണതിനെ തുടർന്ന് ആറ്‌ പേർ ഉൾപ്പെടുന്ന കുടുമ്പത്തെ മാറ്റി പാർപ്പിച്ചു.

പയ്യാവൂരിനടുത്ത ഷിമോഗ കോളനിയിൽ അര കിലോമീറ്റർ ദൂരത്തോളം വലിയ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശങ്കയിലാണ് പ്രദേശ വാസികൾ. മുൻ കരുതലിന്റെ ഭാഗമായി ഏഴ് കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റി പാർപ്പിച്ചു.സോയിൽ പൈപ്പിങ്ങിന്റെ തുടക്കമായ സോയിൽ ക്രീപ്പിംങ്‌ എന്ന പ്രതിഭാസമാണ് ഇതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന് വേണ്ടി പ്രദേശത്ത് പഠനം നടത്തിയ കാര്യവട്ടം ഗവർമെന്റ് കോളേജിലെ ഭൂമിശാസ്ത്ര വിഭാഗം തലവൻ ഡോ ടി കെ പ്രസാദ് പറഞ്ഞു. ഭൂമിക്ക് വിള്ളൽ വീണ കുന്നിൻ പ്രദേശങ്ങളിലെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവരും ഭീതിയിലാണ്.