”അസാധ്യമായി ഒന്നുമില്ല: മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ കേരളം അത് തെളിയിച്ചു”: മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സാധിക്കാത്തതായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

‘എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്‌കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അപാകതകള്‍ ഉണ്ടായെങ്കില്‍ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട്.’-മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വിഎസ്

തിരുവനന്തപുരം: എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വിഎസ് അച്യുതാനന്ദന്‍. പൊരുതി നേടിയ ദേശീയ സ്വാതന്ത്ര്യവും, ഭാരതത്തിന്റെ വൈവിദ്ധ്യവും ജനാധിപത്യവും മതനിരപേക്ഷതയും സമത്വവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ഓരോ ഭാരതീയനും തയ്യാറെടുക്കേണ്ട സന്ദര്‍ഭമാണിതെന്നും സന്ദേശത്തില്‍ വിഎസ് പറഞ്ഞു.

പാലക്കാട്: പാലക്കാട് കോട്ട മൈതാനത്ത് നടന്ന സ്വാതന്ത്യദിനാഘോഷത്തില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടി പതാക ഉയര്‍ത്തി. സ്വാതന്ത്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിങ്ങ് ഷമി പതാക ഉയര്‍ത്തി.

മലപ്പുറം: മലപ്പുറത്ത് സ്വാന്ത്ര്യദിനത്തിന്റെ ഭാഗമായി ജില്ലാതല പരേഡും അനുബന്ധ പരിപാടികളും എംഎസ്പി ഗ്രൗണ്ടില്‍ നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ വിവിധ പ്രാദേശിക സേനകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പരേഡിന് എം എസ് പി. അസിസ്റ്റന്റ് കമാന്റന്റ് നേത്യത്വം നല്‍കി. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രഭാതഭേരി ഒഴിവാക്കി.

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് മൈതാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വൈദ്യുതിമന്ത്രി എം.എം മണി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, പി.ജെ. ജോസഫ്, റോഷി അഗസ്റ്റിന്‍, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊലീസിന്റെ വിവിധ സേനാ വിഭാഗങ്ങള്‍, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ് എന്നിങ്ങനെ വിവിധ പ്ലാറ്റൂണുകള്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു.
ബാന്റ് സെറ്റിന്റെ അകമ്പടിയോടെയായിരുന്നു മാര്‍ച്ച് പാസ്റ്റ്. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

എറണാകുളം: കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം മന്ത്രി സുനില്‍ കുമാര്‍ പങ്കെടുത്തു. പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പത്ത് സായുധ പ്ലാറ്റൂണുകളും പത്ത് ആയുധമില്ലാത്ത പ്ലാറ്റൂണുകളും പരേഡില്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ സിവിലിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ബോംബ് സ്‌ക്വാഡിന്റെ പ്രദര്‍ശനവും ഡോഗ് സ്‌ക്വാഡിന്റെ മോക് ഡ്രില്ലും പരേഡിന്റെ ഭാഗമായി അരങ്ങേറി.

കോഴിക്കോട്:  വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. വിവിധ സേന വിഭാഗങ്ങളടക്കം 23 പ്ലറ്റണുകളാണ് പരേഡില്‍ പങ്കെടുത്തത്. ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News