ദുരിതബാധിത പ്രദേശങ്ങള്‍ക്ക് കൈത്താങ്ങായി അന്‍പൊട് കൊച്ചിയുടെ സഹായ ഹസ്തങ്ങള്‍ മലബാറിലേക്ക്

ദുരിതബാധിത പ്രദേശങ്ങള്‍ക്ക് കൈത്താങ്ങായി ഇത്തവണയും അന്‍പൊട് കൊച്ചിയുടെ സഹായ ഹസ്തങ്ങള്‍ മലബാറിലേക്ക്. ശനിയാ‍ഴ്ച തുടങ്ങിയ കളക്ഷന്‍ സെന്‍ററില്‍ നിന്നും ടോറസിലും ട്രക്കുകളിലുമായി ടണ്‍ കണക്കിന് സാധനങ്ങളാണ് അയച്ചത്. നടന്‍ ഇന്ദ്രജിത്തും പൂര്‍ണിമയും അടക്കം 125ലധികം സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അന്‍പൊട് കൊച്ചി 2018ലെ മഹാപ്രളയത്തിലും വലിയ കൈത്താങ്ങായി മാറിയിരുന്നു.

ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ അവശ്യ സഹായങ്ങള്‍ നല്‍കാന്‍ 9 പേര്‍ ചേര്‍ന്ന് രൂപം കൊടുത്ത കൂട്ടായ്മയായിരുന്നു അന്‍പൊട് കൊച്ചി. കേരളം കണ്ട ഏറ്റവും വലിയ മഹാപ്രളയം ക‍ഴിഞ്ഞ വര്‍ഷം ഉണ്ടായപ്പോള്‍ അന്‍പൊട് കൊച്ചിയുടെ സ്നേഹം മലയാളികളും അനുഭവിച്ചറിഞ്ഞു. ഇത്തവണയും ആദ്യം മുതല്‍ തന്നെ കൊച്ചിയില്‍ കളക്ഷന്‍ സെന്‍റര്‍ ആരംഭിച്ചുകൊണ്ട് അവശ്യസാധനങ്ങള്‍ക്കായി സോഷ്യല്‍മീഡിയയിലൂടെ അന്‍പൊട് കൊച്ചിയിലെ കൂട്ടായ്മ രംഗത്തെത്തി. ടണ്‍ കണക്കിന് സാധനങ്ങള്‍ ദുരിതമേഖലകളിലേക്ക് അയയ്ക്കാനായതിന്‍റെ സന്തോഷത്തിലാണ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന നടന്‍ ഇന്ദ്രജിത്.

ദുരിതാശ്വാസ ക്യാന്പില്‍ നിന്നും മടങ്ങുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ വാസഭൂമിയില്‍ ജീവന്‍റെ വിത്തുകള്‍ മുളയ്ക്കിപ്പാനായി വിവിധയിനം വിത്തിനങ്ങളും ഇത്തവണ അന്‍പൊട് കൊച്ചി നല്‍കുന്നുണ്ട്. അതിജീവനത്തിന്‍റെ പുത്തന്‍ പ്രതീക്ഷകളും കരുത്തും നല്‍കുക എന്ന സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നടി പൂര്‍ണിമ പറയുന്നു.

കളക്ഷന്‍ സെന്‍ററിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ആദ്യം അമാന്തം കാണിച്ചെങ്കിലും പിന്നീട് വലിയ സഹകരണം ഉണ്ടായിയെന്ന് നടി സരയൂവും പറയുന്നു.

അന്‍പൊട് കൊച്ചി എന്ന പേര് പോലെ സ്നേഹവും കരുതലും സഹായങ്ങളും നിറച്ച നിരവധി ട്രക്കുകളാണ്ഈ കൂട്ടായ്മ പ്രളയബാധിത മേഖലകളിലേക്ക് ക‍ഴിഞ്ഞ ദിവസങ്ങളായി എത്തിച്ചതും.
കൈരളി ന്യൂസ് കൊച്ചി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News