ഏകദേശം രണ്ടാഴ്ചയോളമായി മുടങ്ങി കിടക്കുന്ന മുംബൈ പുണെ ട്രെയിനുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ മേഖലയിലേക്കുള്ള തീവണ്ടി പാത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തകരാറിലായതാണ് സേവനം റദ്ദാക്കുവാനുണ്ടായ കാരണം. പാത സഞ്ചാരയോഗ്യമായതിന്റെ അടിസ്ഥാനത്തിലാണ് പുണെയിലേക്കും ഈ വഴി സൗത്ത് ഇന്ത്യയിലേക്കും പോകുന്ന പ്രധാനപ്പെട്ട ട്രെയിൻ സർവിസുകൾ വെള്ളിയാഴ്ച രാവിലെ മുതൽ ഓടി തുടങ്ങുമെന്ന് റെയിൽവേ അറിയിച്ചത്. എന്നിരുന്നാലും ട്രെയിനുകൾ മുഴുവനായും ഓടി തുടങ്ങുവാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് അറിയുവാൻ കഴിഞ്ഞത്. ആഗസ്റ്റ് 19 ന് പൂർണമായും സേവനങ്ങൾ പുനസ്ഥാപിക്കുവാൻ കഴിയുമെന്ന പ്രത്യാശയിലാണ് സെൻട്രൽ റെയിൽവേ.

കനത്ത മഴയെ തുടർന്നുള്ള വെള്ളകെട്ടിൽ കർജത്തിനും ലോണാവാലയ്ക്കും ഇടയ്ക്കുള്ള റെയിൽ പാളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ അറ്റകുറ്റപ്പണികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് റയിൽവേയുടെ വിശദീകരണം. ഈ വർഷത്തെ മഴക്കാലം മണ്ണിടിച്ചിലും, വെള്ളകെട്ടുമായി വലിയ നാശ നഷ്ടങ്ങളാണ് മുംബൈ പുണെ റൂട്ടിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകൾ മുഴുവനായി റദ്ദാക്കേണ്ടീ വന്നതോടെ സ്ഥിരം യാത്രക്കാരെല്ലാം റോഡ് വഴി പോകുവാൻ തുടങ്ങി. പുണെ എക്സ്പ്രസ്സ് അതിവേഗ പാതയുടെ ഉപയോഗം ഏറ്റവും കൂടുതൽ നേട്ടമായി ഭവിച്ചതും ഈ മഴക്കാലത്ത് തന്നെയാണ്.

ഇന്ന് 12 ട്രെയിനുകൾ സർവീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ഇതിൽ അഞ്ചെണ്ണം മുംബൈയിൽ നിന്നും പുണെയിലേക്കും ബാക്കിയുള്ളവ പുണെ വഴി സൗത്ത് ഇന്ത്യയിലേക്ക് പോകുന്ന സർവീസുകളായിരിക്കും. പുണെയിലേക്കുള്ള ട്രെയിനുകളിൽ സിൻഹാദ് എക്സ്പ്രസ്സ്, ഡെക്കാൻ ക്വീൻ, ഇന്റർ സിറ്റി എക്സ്പ്രസ്സ്, ഇന്ദ്രായനി എക്സ്പ്രസ്സ്, എന്നിവ ഉൾപ്പെടും. എന്നിരുന്നാലും ഈ മേഖലയിലേക്കുള്ള മുഴുവൻ ട്രെയിനുകളുടെയും സേവനങ്ങൾ പുനസ്ഥാപിക്കുവാൻ ഇനിയും മൂന്ന് നാല് ദിവസമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്.

ഏകദേശം ഇരുനൂറിലധികം ജീവനക്കാരാണ് റെയിൽവേ സീനിയർ ഓഫീസർമാരോടൊപ്പം രാപ്പകൽ അദ്ധ്വാനിക്കുന്നതെന്നും യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികൾ നടക്കുന്നതെന്നും സെൻട്രൽ റെയിൽവേ പി ആർ ഓ അനിൽകുമാർ ജെയിൻ പറഞ്ഞു. പല ഭാഗങ്ങളിലെയും പാളത്തിന്റെ അടിത്തട്ടിലെ മെറ്റൽ അടക്കമുള്ള ഭാരങ്ങൾ പേമാരിയിൽ ഒലിച്ചു പോയിരിക്കയാണെന്നും ഇതെല്ലം കണ്ടു പിടിച്ചു പുനഃസ്ഥാപിക്കുകയെന്ന ജോലിയാണ് കൂടുതൽ സമയം നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയോടെ സർവീസുകളെല്ലാം പുനസ്ഥാപിക്കുവാൻ കഴിയുമെന്നാണ് ബന്ധപ്പെട്ട വിഭാഗം അറിയിച്ചത്. ആയിരത്തിലേറെ യാത്രക്കാരാണ് മുംബൈ പുണെ റൂട്ടിനെ മാത്രമായി ദിനംപ്രതി ആശ്രയിക്കുന്നത്. ദിവസവും ആയിരത്തിലേറെ യാത്രക്കാരാണ് മുംബൈ പുണെ റൂട്ടിൽ യാത്ര ചെയ്തു വരുന്നത്.