”ഇങ്ങനെയുള്ള മനുഷ്യരുള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക…..”: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ ക്ഷേത്ര മേല്‍ശാന്തിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍:

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭീതിയുടെ അന്തരീക്ഷം മാറുകയാണ്.

എന്നാല്‍ ഈ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതില്‍ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവര്‍ത്തിച്ചു പറയേണ്ട കാര്യമാണ്.

ആരാധനാലയങ്ങള്‍ അഭയ കേന്ദ്രങ്ങളാകുന്നത് നേരത്തെ ഒരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇവിടെ, തിരുവനന്തപുരത്ത് ഇന്ന് ഓഫിസില്‍ എത്തിയത്, ദുരിതബാധിതര്‍ക്ക് സുമനസ്സുകള്‍ സ്വയം തയാറായി വന്നു നല്‍കുന്ന സഹായം സ്വീകരിക്കാനാണ്.

ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നല്‍കുന്നവര്‍, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏല്‍പ്പിക്കുന്നവര്‍, സമ്പാദ്യക്കുടുക്ക അപ്പാടെ ഏല്‍പ്പിക്കുന്ന കുട്ടികള്‍- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാര്‍ഢ്യം തൊട്ടറിയുകയാണ്.

ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്.

ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യര്‍ ഉള്ളപ്പോള്‍ നമ്മളെ ആര്‍ക്കാണ് തോല്‍പ്പിക്കാന്‍ കഴിയുക…..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News