നാടകീയമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി കശ്മീര്‍ താഴ് വരയില്‍ അരങ്ങേറിയത്. ആഗസ്റ്റ് 5 കശ്മീരിനെ സംബന്ധിച്ച് ചരിത്രത്തിലെ നിര്‍ണ്ണായക ദിനമായി മാറിയതുവരെ ബിജെപി കേന്ദ്രങ്ങളിലും ഇരുസഭകളിലും നേതാക്കളുടെ അടക്കംപറച്ചിലുകള്‍ മാത്രമാണ് അവിടിവിടെയായി കേട്ടിരുന്നത്. ജമ്മുകശ്മീരില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നറിഞ്ഞതിന് പിന്നാലെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണെന്ന വാര്‍ത്തയും രാജ്യം ഞെട്ടലോടെ കേട്ടു. സൈന്യം പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ കശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം ഉരുത്തിരിഞ്ഞതായി രാജ്യം ഭയന്നു.

ജമ്മുകശ്മീരിന് നല്‍കിപോന്നിരുന്ന പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുന്നതിനുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി സഭയില്‍ അവതരിപ്പിക്കുന്നതും രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് ബില്ലുകള്‍ പാസാക്കിയതും ഞെട്ടലോടെ രാജ്യം നോക്കിക്കണ്ടു. കശ്മീരിന് മുന്നില്‍ സകല വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നതും അവരുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നതും ചര്‍ച്ചചെയ്തു. നാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും കശ്മീരികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്നത് രാജ്യത്തിന് അജ്ഞാതമായിരുന്നു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലില്‍ തുടരുമ്പോഴും നിര്‍ണ്ണായകമായ മാറ്റത്തിലൂടെ രാജ്യത്തെ മറ്റ് പൗരന്‍മാര്‍ക്ക് കിട്ടുന്ന തുല്യാവകാശമാണ് കശ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്്ട്രപതി രാംനാഥ് കോവിന്ദ് പ്രസ്താവിച്ചിരുന്നു. രാജ്യത്ത് ഓരോ പൗരനും ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യങ്ങള്‍ പോലും അവര്‍ക്ക് നിഷേധിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രസ്താവന രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ദിനത്തില്‍ തന്നെയാണെന്നത് അതിശയകരമാണ്. ഒടുവിലായിതാ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ഇളയ മകള്‍ ഇല്‍ത്തിജ മുഫ്തിയും താന്‍ വീട്ടുതടങ്കലിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആഗസ്റ്റ് അഞ്ച് മുതല്‍ ഇല്‍ത്തിജ മുഫ്തിയും ശ്രീനഗറിലെ ഗുപ്കര്‍ റോഡിലുള്ള വീട്ടില്‍ തടവിലാണ്. പുറത്തുനിന്നുള്ള ആരെയും കാണാന്‍ ഇല്‍ത്തിജയെ അനുവദിക്കുന്നില്ല. മാത്രമല്ല ‘ദ വയറി’ന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന് അവിടെ വരെയെത്തിയിട്ടും നിരാശയോടെ തിരിച്ചുപോരേണ്ടി വന്നതിനെക്കുറിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വീട്ടുതടങ്കിലില്‍ കഴിയുന്ന ഇല്‍ത്തിജ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒരു കത്തെഴുതിയിരിക്കുകയാണ്. എന്നാല്‍ ഈ കത്ത് അയച്ചിട്ടില്ല. അതിന്റെ കാരണവും അതില്‍ത്തന്നെ പറയുന്നുണ്ട്. കത്ത് ‘ദ വയര്‍’ ആണ് പുറത്തുവിട്ടിരിക്കുന്നത്..

കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,
ശ്രീ അമിത് ഷാ,
നോര്‍ത്ത് ബ്ലോക്ക്,
ന്യൂദല്‍ഹി 110001

പ്രിയപ്പെട്ട സര്‍,

എനിക്കു വേറൊരു വഴിയുമില്ലാത്തതിനാലാണ് ഈ കത്തെഴുതുന്നത്. എന്നെ തടവിലാക്കിയതിന്റെ കാരണം അന്വേഷിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണിത്. എന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ചോദ്യങ്ങളുന്നയിച്ചതിനാകരുത് എന്നെ ശിക്ഷിച്ചതും അറസ്റ്റ് ചെയ്തതും എന്നു ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. കശ്മീര്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ മുങ്ങിനില്‍ക്കുകയാണ്. ശബ്ദമുയര്‍ത്തുന്നവര്‍ അടക്കമുള്ള കശ്മീരിലെ ജനതയുടെ സുരക്ഷയോര്‍ത്ത് ഞാന്‍ ഭീതിയിലാണ്. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തോടെ ഞങ്ങള്‍ കശ്മീരികള്‍ നിരാശയിലാണ്.

എന്റെ ഉമ്മ, മെഹ്ബൂബ മുഫ്തി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒരേദിവസം മറ്റു ജനപ്രതിനിധികളോടൊപ്പം തടവിലാക്കപ്പെട്ടിരിക്കുകയാണ്. 10 ദിവസം കഴിഞ്ഞിരിക്കുന്നു, ഈ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ട്. ഒരു ജനതയെ മുഴുവന്‍ തളര്‍ത്തുന്ന തരത്തില്‍ ആശയവിനിമയ സംവിധാനങ്ങളൊക്കെയും ഇല്ലാതാക്കിയതോടെ താഴ്വരയിലെ ജനങ്ങളാകെ ഭീതിയിലാണ്. രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശവും ഇല്ലായ്മ ചെയ്യപ്പെട്ട് മൃഗങ്ങളെപ്പോലെ കൂട്ടിലകപ്പെട്ടു കിടക്കുകയാണ്. ഞാന്‍ എന്റെ വീട്ടില്‍ത്തന്നെയാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. സന്ദര്‍ശകര്‍ ഗേറ്റിനു മുന്‍പില്‍ വന്നശേഷം തിരിച്ചുപോകുന്ന കാര്യം ഞങ്ങള്‍ പോലും അറിയുന്നില്ല. എനിക്കാണെങ്കില്‍ പുറത്തിറങ്ങാനും സാധിക്കുന്നില്ല.

ഞാനിന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും ഭാഗമല്ല, മറിച്ച് നിയമം പഠിക്കുന്ന ഒരു പൗരയാണ്. എന്റെ തടവിനു കാരണമായി സുരക്ഷാ സൈനികര്‍ പറയുന്നത് വ്യത്യസ്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള എന്റെ അഭിമുഖങ്ങളാണ്. ഞാന്‍ വീണ്ടും സംസാരിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്ന ഭീഷണിയും എനിക്കു നേരെയുണ്ടായി. ഈ അഭിമുഖങ്ങളുടെ പ്രമേയം എന്തെന്നാല്‍ ആര്‍ട്ടിക്കിള്‍ 370-ന്റെ റദ്ദാക്കലും തുടര്‍ന്നുണ്ടായ നിരോധനാജ്ഞയുമാണ്. എന്റെ ഉമ്മയുടെ സുരക്ഷയെ ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഓഗസ്റ്റ് അഞ്ചിന് ജയിലിലാക്കപ്പെട്ട രാഷ്ട്രീയത്തടവുകാരെക്കുറിച്ചോര്‍ത്തും.

എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ശബ്ദം അടിച്ചമര്‍ത്തപ്പെട്ട കശ്മീരികള്‍ക്കു വേണ്ടി സംസാരിച്ചതിന് എന്തിനാണു ഞാന്‍ തടവിലാക്കപ്പെട്ടതെന്ന് എനിക്കു മനസ്സിലാക്കാനായിട്ടില്ല. ഞങ്ങള്‍ നേരിടുന്ന വേദനയും പീഡനവും അവജ്ഞയും പ്രകടിപ്പിക്കുന്നത് ഒരു തെറ്റാണോ? ഞങ്ങളുടെ അവസ്ഥ വിശദീകരിച്ചതിനാണോ ഈ തടവ്? എന്നെ തടവിലാക്കിയ നിയമം എന്താണെന്നും അതെത്രനാള്‍ തുടരുമെന്നും ഒന്നു ദയവുചെയ്തു പറയുമോ? നിയമസഹായത്തിലേക്കു ഞാന്‍ പോകേണ്ടതുണ്ടോ? വളരെയധികം ശ്വാസംമുട്ടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഞാന്‍.

എന്റെ പ്രായമായ ഉമ്മൂമ്മയ്ക്ക് അവരുടെ മകനെ കാണാന്‍ അനുമതി നല്‍കണമെന്നു ഞാന്‍ അപേക്ഷിക്കുകയാണ്. അതോ അവരും നിങ്ങള്‍ക്കു ഭീഷണിയാണോ? സങ്കല്‍പ്പിക്കാനാവാത്ത അടിച്ചമര്‍ത്തലിനുള്ളില്‍ ശബ്ദിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടാണോ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം നില്‍ക്കേണ്ടത്? സത്യമേവ ജയതേ, സത്യം മാത്രം ജയിക്കട്ടെ എന്ന്. അതാണു നമ്മുടെ രാജ്യത്തിന്റെ ആവേശവും ഭരണഘടനയും. സുഖകരമല്ലാത്ത സത്യം പറഞ്ഞതിന് ഒരു യുദ്ധക്കുറ്റവാളിയെപ്പോലെ എന്നെ കാണുന്നത് ശരിക്കും ഒരു പരിതാപകരമായ വിരോധാഭാസമാണ്. ഈ കത്ത് പോസ്റ്റ് ചെയ്യാത്തതില്‍ മാപ്പ് ചോദിക്കുന്നു. കാരണം, നിങ്ങള്‍ ജമ്മു കശ്മീരിലെ പോസ്റ്റല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണല്ലോ.

എന്റെ സത്യം വിജയിക്കട്ടെ.

ബഹുമാനത്തോടെ,
ഇല്‍ത്തിജ മുഫ്തി