ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയം മാറാം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ആണവായുധം സംബന്ധിച്ച രാജ്യത്തിന്റെ പ്രഖ്യാപിതനയത്തില്‍ വേണ്ടി വന്നാല്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന നയത്തില്‍ മാറ്റം വരുത്തില്ലെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അദ്ദേഹം പറയുന്നു.പാക്കിസ്ഥാനുള്ള മുന്നറിയിപ്പെന്നോണമാണ് രാജ്‌നാഥ്സിംഗിന്റെ പ്രസ്താവന.

ഇന്ത്യ രണ്ട് തവണ ആണവായുധ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനില്‍ വെച്ചാണ് അണവായുധനയം ആവശ്യമെങ്കില്‍ മാറുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. ഇന്നുവരെ ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്നായിരുന്നു നമ്മുടെ നയം, എന്നാല്‍ ഭാവിയില്‍ ഇതില്‍ മാറ്റം വരുത്തിയേക്കാം.

അതെല്ലാം ഭാവിയിലെ സാഹചര്യങ്ങളെ അനുസരിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനിക നീക്കം ശക്തമാക്കിയതോടെ പാക്കിസ്ഥാനുള്ള മുന്നറിയിപ്പെന്നോണമാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

രണ്ടാം പൊഖ്റാന്‍ സ്ഫോടനത്തിന് ശേഷമാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിച്ചത്. പ്രതിരോധാവശ്യങ്ങള്‍ക്ക് മാത്രമായിട്ടായിരിക്കും ഇന്ത്യ അണുവായുധം പ്രയോഗിക്കുകയെന്നതായിരുന്നു 1999 ല്‍ ഇന്ത്യ പുറത്തിറക്കിയ ആണവ നയം വ്യക്തമാക്കിയത്.

അതേസമയം സ്വാതന്ത്ര ദിനാഘോഷത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യുകയും നാല് പാക് സൈനികര്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെടുകയും ചെയ്തതതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel