ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ സമയമായിരുന്നു അത്. ഹംഗറിക്കാരനായ റെസോ സെരെസ് എന്ന പിയാനോ വിദഗ്ദ്ധന്‍ 1933ല്‍ ഗ്ലൂമി സണ്‍ഡേ അഥവാ ആത്മഹത്യാ ഗാനം ചിട്ടപ്പെടുത്തി. റെസോയുടെ സുഹൃത്തും കവിയുമായ ലാസോ ജാവോര്‍ ഈ ഗാനത്തെ തന്റെ പ്രണയിനിയ്ക്കായി ഒന്നുകൂടി തീവ്രമായി ചിട്ടപ്പെടുത്തി. പാട്ട് പുറത്തിറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ ജാവറിന്റെ കാമുകി ആത്മഹത്യ ചെയ്തു.

തന്റെ പ്രണയിനി മരണമടഞ്ഞ മുറിയില്‍ ആ സമയം ഗ്രാമഫോണില്‍ ഗ്ലൂമി സണ്‍ഡെ ഗാനം നിറഞ്ഞു നിന്നിരുന്നു. അവരുടെ ആത്മഹത്യാ കുറിപ്പിലും ഗാനത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ഗാനത്തിന്റെ രചയിതാവ് റെസോ സെരസ് 1968ല്‍ ബുഡാപെസ്റ്റിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാല വഴി ചാടി ആത്മഹത്യ ചെയ്തതും ഏവരേയും ഞെട്ടിച്ചു.

പിന്നീട് നൂറിലേറെപേരെ ആത്മഹത്യയിലേക്ക് നയിച്ചതും ഈ ഗാനം തന്നെ. ഹംഗറിയയില്‍ സ്വയം വെടിവച്ച് മരിച്ച ഉദ്യോഗസ്ഥന്‍, വിയന്നയില്‍ നദിയില്‍ ചാടി മരിച്ച പെണ്‍കുട്ടി, ബുഡാപേസില്‍ സ്വയം വെടിയുതിര്‍ത്തു മരിച്ച കടയുടമ അങ്ങനെ നീളുന്നു പാട്ട് കേട്ട് മരിച്ചവരുടെ നിര. പലരുടെയും ജീവന്‍ പൊലിയാന്‍ കാരണമായ ഈ ഗാനം ഹംഗേറിയന്‍ പൊതു വേദികളില്‍ ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

രചയിതാവുള്‍പ്പെടെ നൂറിലേറെപേര്‍ മരിച്ച ‘ഗ്ലൂമി സണ്‍ഡേ’ കേള്‍പ്പിക്കാന്‍ നിരവധി രാജ്യങ്ങളിലെ റേഡിയോകള്‍ വിസമ്മതിച്ചത്രെ. 1984ല്‍ ഇംഗ്ലീഷ് ഗായകന്‍ ഓസി ഒസ്‌ബോണ്‍ റെക്കോര്‍ഡ് ചെയ്ത ഗ്ലൂമി സണ്‍ഡേ ഗാനം കേട്ട് തങ്ങളുടെ കൗമാരക്കാരനായ മകന്‍ ആത്മഹത്യചെയ്‌തെന്ന് ആരോപിച്ച് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.

200 ഓളം പേര്‍ ഗ്ലൂമി സണ്‍ ഡേ കേട്ട് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഗാനത്തിന്റെ സൃഷ്ടാവ് സെരസ് തന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത് ഇങ്ങനെ ‘ഈ പാട്ട് എനിക്ക് നല്‍കിയ ഭയാനകമായ പ്രശസ്തി എന്നെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു. ലോകത്തോട് മുഴുവന്‍ തെറ്റ് ചെയ്തവനെപ്പെലെ ഞാനെന്റെ ശിരസ്സ കുനിക്കുന്നു’…