
മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ്. മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഇ കെ ഉസാമാണ് അറസ്റ്റിലായത്. മുക്കം കുമാരനല്ലൂര്‍ സ്വദേശിനി താമരശ്ശേരി കോടതിയില്‍ നല്‍കിയ പരാതിയിലാണ് നടപടി. താമരശ്ശേരി കോടതി ഉസാമിന് ജാമ്യം അനുവദിച്ചു.
ആഗസ്റ്റ് 1 നാണ് മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഇ കെ ഉസാം ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. ഭാര്യ വീട്ടിലെത്തി പിതാവിന്റെയും ബന്ധുക്കളുടേയും മുന്നില്‍ വെച്ച് മുത്തലാഖ് ചൊല്ലി ഉസാം വീട്ടില്‍ നിന്ന് ഇറങ്ങി പോയെന്നാണ് പരാതി. തുടര്‍ന്ന് യുവതി അഭിഭാഷകര്‍ മുഖേന താമരശ്ശേരി കോടതിയിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. മുത്തലാഖ് നിയമത്തിലെ മുസ്ലിം വുമെന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്.
കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസ് ഉസാമിനെ അറസ്റ്റ് ചെയ്തു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഉസാമിന് ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പണം കെട്ടിവെക്കാനും പാസ്പോര്‍ട്ട് പിടിച്ചുവെക്കാനുമാണ് ഉത്തരവ്.
അതേസമയം ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി കേസുള്ളതാണെന്നും മുത്തലാഖ് അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചതെന്നുമാണ് പ്രതിഭാഗം അഭിഭാഷകരുടെ വാദം. 2011ല്‍ വിവാഹിതരായ ഇവര്‍ തമ്മില്‍ ഇടക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. ഖത്തറിലായിരുന്ന ഉസാം നിലവില്‍ മറ്റൊരു വിവാഹം കഴിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here