പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ ക‍ഴിയുന്നവരില്‍ നിന്നും അനാവശ്യമായി പണം പിരിച്ചെന്ന തരത്തില്‍ ഇന്നലെ പ്രചരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ ചേര്‍ത്തല ക്യാമ്പിലെ അന്തേവാസിയായ ഓമനക്കുട്ടനെതിരെ പൊലീസ് എടുത്ത കേസ് ഉള്‍പ്പെടെ പിന്‍വലിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം.

ഓമനക്കുട്ടന്‍ തെറ്റുകാരനല്ലെന്നും ക്യാമ്പിലുള്ളവരെ സഹായിക്കുന്ന നടപടിയാണ് ഓമനക്കുട്ടന്‍ ചെയ്തതെന്നും മനുഷ്യത്വപരമായ നടപടിയാണ് ഓമനക്കുട്ടന്‍ സ്വീകരിച്ചത്.

കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഓമനക്കുട്ടന്‍ സന്തോഷം പ്രകടിപ്പിച്ചു. സത്യം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.

ക്യാമ്പില്‍ നിന്നും പണം പിരിച്ചെന്ന് വലിയ തോതില്‍ വാര്‍ത്ത പ്രചരിച്ചപ്പോ‍ഴും ക്യാമ്പിലുള്ള ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല.

അതേസമയം ഓമനക്കുട്ടനെ പൊതുസമൂഹത്തില്‍ അപമാനിക്കും വിധം തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാണ്.