നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരേയും പുനരധിവസിപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ. ഇതിനായി സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമി ഉപയോഗിക്കുമെന്നും എ കെ ബാലൻ പറഞ്ഞു.

തിരച്ചിൽ തുടരുന്ന കവളപ്പാറയും പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

നിലമ്പൂരിലെത്തിയ മന്ത്രി എ കെ ബാലൻ ജില്ലാ കളക്ടർ, ഡി എഫ് ഒ എന്നിവരുമായി പുനരധിവാസം സംബന്ധിച്ച് ചർച്ച നടത്തി.

തുടർന്ന് പി വി അൻവർ എം എൽ എ ക്കൊപ്പം കവളപ്പാറ തിരച്ചിൽ നടക്കുന്ന സ്ഥലം സന്ദർശിച്ചു. മുണ്ടേരി ഫാം, വിവിധ ദുരിതാശ്വാസ കാമ്പുകൾ എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി.

ആദിവാസികൾക്ക് സുപ്രീംകോടതി ഉത്തരവ്പ്രകാരമുള്ള 500 ഏക്കർ ഭൂമി നിലമ്പൂരിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് ഭൂമി പ്രശ്നം ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

മറ്റുള്ളവരെ മുണ്ടേരി ഫാമിലെ ഭൂമിയിൽ പുനരധിവസിപ്പിക്കാനുള ശ്രമം നടത്തും. ഇക്കാര്യം ചർച്ച ചെയ്ത് സർക്കാർ തീരുമാനിക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി.

കവളപ്പാറയിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, ഫയർഫോഴ്സ്, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ സംഘമാണ് മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ നടത്തുന്നത്.

തിരച്ചിലിനായി GPR സംവിധാനം ഇന്ന് കവളപ്പാറയിൽ എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 21 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 38 മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചു.