നവി മുംബൈയിലെ  ഘൻസോലിയിൽ താമസിക്കുന്ന വീട്ടമ്മയാണ് 12 വയസ്സുള്ള മകളെ  ബോളിവുഡ്   നടിയാക്കുവാനുള്ള തത്രപ്പാടിൽ  ചതിക്കുഴിയിൽ പെട്ടത്.   കബളിപ്പിക്കപ്പെട്ട വീട്ടമ്മയുടെ മൊഴി പ്രകാരം സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തിയായിരുന്നു ഇവരെ ചതിച്ചത്.  ഇയാളുടെ പേരാണ് വീട്ടമ്മയെ കുടുക്കിയതെന്നു പറയാം.

 ‘സൽമാൻ ഖാൻ’ എന്ന പേരിലുള്ള പ്രൊഫൈൽ കണ്ടപ്പോൾ  ഇയാൾ  ബോളിവുഡ് താരമാണെന്ന് തെറ്റിദ്ധരിച്ചാണ് ചാറ്റ് ചെയ്തത്.  തുടർന്ന്    മകൾക്ക് വേണ്ടി സിനിമയിൽ ചാൻസ് ചോദിക്കുകയായിരുന്നു. കിട്ടിയ അവസരം മുതലാക്കി സൽമാൻ ഖാൻ ചമഞ്ഞ വ്യക്തി  മകളുടെ ടിക് ടോക് വീഡിയോ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടു.

വീഡിയോ ലഭിച്ച  അപരൻ വീട്ടമ്മയോട്  അടുത്ത ചിത്രത്തിൽ കുട്ടിയെ ബാല നടിയാക്കാമെന്നും  തന്റെ മാനേജരുമായി സംസാരിക്കുവാനും പറഞ്ഞു അയാളുടെ മൊബൈൽ നമ്പർ നൽകി. അങ്ങിനെയാണ് വീട്ടമ്മ  അമോൽ ഭട്ടോല എന്ന പേരിലുള്ള  മാനേജരുമായി സംസാരിക്കുന്നത്.  മാനേജരായി ഇയാൾ തന്നെയാണ്  വീട്ടമ്മയോട് കുട്ടിയുടെ കൂടുതൽ വിവരങ്ങൾ തിരഞ്ഞതെന്നാണ്  പോലീസ് നിഗമനം.

സൽമാൻ ഖാൻ അഭിനയിക്കുന്ന അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് വിദേശത്താണെന്നും പെട്ടെന്ന്  പാസ്പോർട്ട് സംഘടിപ്പിച്ചാൽ വിദേശത്ത് പോയി അഭിനയിക്കാമെന്നും പറഞ്ഞാണ് ഇയാൾ വീട്ടമ്മയെ വെട്ടിലാക്കിയത്.  ഒരാഴ്ചക്കകം സിങ്കപ്പൂർ ലൊക്കേഷനിൽ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ടതോടെ വീട്ടമ്മയുടെ കിളി പോയ അവസ്ഥയായി.

ഒന്ന് രണ്ടു ദിവസത്തിനകം   പാസ്പോര്ട്ട്  തരപ്പെടുത്തണമെങ്കിൽ  38000 രൂപയുടെ ചിലവുണ്ടെന്നും തന്റെ ബാങ്കിലേക്ക്  ഉടനെ പൈസ  ട്രാൻസ്ഫർ ചെയ്യുവാനും ആവശ്യപ്പെട്ടതോടെ വീട്ടമ്മക്ക് സമാധാനമായി.  സൽമാൻ ഖാനോടൊപ്പം സിംഗപ്പൂർ ലൊക്കേഷൻ  തലയിൽ കയറിയ വീട്ടമ്മ രണ്ടാമതൊന്ന് ചിന്തിക്കാതെ പൈസ ഉടനെ ഓൺലൈൻ  വഴി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാസ്പോര്ട്ട് കിട്ടാതായപ്പോഴാണ് വീട്ടമ്മ വീണ്ടും ‘മാനേജരെ’ വിളിച്ചത്‌ . നടപടികൾ പൂർത്തിയാക്കാൻ 16000 രൂപ കൂടി വേണമെന്നും അത് കിട്ടിയാൽ ഉടനെ പാസ്പോര്ട്ട് നേരിട്ട് കൊറിയർ ചെയ്യാമെന്നും പറഞ്ഞായിരുന്നു ഇക്കുറി വീട്ടമ്മയെ ഒന്ന് കൂടി പറ്റിക്കാൻ നോക്കിയത്. തൽക്കാലം അത്രയും പൈസ ഇല്ലെന്നും പാസ്പോര്ട്ട് കിട്ടിയതിന് ശേഷം തരാമെന്ന് പറഞ്ഞുവെങ്കിലും ‘ മാനേജർ’ സമ്മതിച്ചില്ല.

പിന്നീട് ഒന്ന് രണ്ടു ദിവസം കഴിഞ്ഞു വിളിച്ചു നോക്കിയപ്പോൾ  സമയത്തിന് പൈസ അടക്കാതിരുന്നതിനാൽ നിങ്ങളുടെ പാസ്പോര്ട്ട് ക്യാൻസൽ ആയി പോയെന്ന് പറഞ്ഞു ഫോൺ കട്ടാക്കി. പിന്നെ ഭട്ടോലയുടെ ഫോണിലേക്ക് വിളിക്കുമ്പോഴെല്ലാം  സ്വിച്ച് ഓഫ് ആയിരുന്നു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വീട്ടമ്മ തിരിച്ചറിയുന്നത്.

വഞ്ചനാകുറ്റത്തിന് കോപ്പർകർണാ പോലീസ് കേസ് റജിസ്റ്റർ ചെയ്തു . സൈബർ സെല്ലിൽ ഇയാളുടെ ഫോൺ ഐ പി അഡ്രസ് , ബാങ്ക് വിവരങ്ങൾ  തുടങ്ങിയവ  ശേഖരിച്ചിട്ടുണ്ട്. സൽമാൻ ഖാനും മാനേജരും ഒരാൾ തന്നെയാകുവാനാണ് സാധ്യതയെന്നാണ് സീനിയർ പോലീസ് ഇൻസ്‌പെക്ടർ സൂര്യകാന്ത ജഗ്ദാലെയുടെ നിഗമനം.