കേരളത്തെ കൈ പിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിയുക്ത ശബരിമല മേൽശാന്തിയുടെ സഹായം. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തി അരീക്കര ഇല്ലം എ കെ സുധീർ നമ്പൂതിരിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സുധീർ നമ്പൂതിരിയെ അഭിനന്ദിക്കാനെത്തിയ സി പി ഐ (എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി സക്കറിയക്ക് ചെക്ക് കൈമാറുകയായിരുന്നു. പ്രളയ ദുരിതബാധിതരെ സഹായിക്കാൻ തന്റെ ഒരു ചെറിയ സഹായമെന്ന് പറഞ്ഞാണ് സുധീർ നമ്പൂതിരി ചെക്ക് നൽകിയത്.

തിരുന്നാവായ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ സി പി ഐ എം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ, നേതാക്കളായ വി കെ രാജീവ്, പി മുഹമ്മദ് താഴത്തറ, തിരുന്നാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പരമേശ്വരൻ എന്നിവരും സംബന്ധിച്ചു.