ജില്ലാ ഭരണകൂടത്തിന്റെ ഹെല്‍പ്പ് ഡെസ്‌ക്ക് ഹരിത കേരളം മിഷനും വ്യവസായ പരിശീലന വകുപ്പ് ഐ.റ്റി.ഐ നൈപുണ്യ കര്‍മസേനയും ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷനും എൻ.ഐ.റ്റിയും സംയുക്തമായി ചേർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം മലബാർ ക്രിസ്ത്യൻ കോളേജിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. ജില്ലാ കലക്ടര്‍ സീറാം സാംബശിവറാവു മുഖ്യാതിഥിയായിരുന്നു. വിവിധ കമ്പനികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാമ്പ്.

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടത്തിയ ക്യാമ്പില്‍ 210 ആളുകള്‍ പങ്കെടുത്തു. ഇതില്‍ 76 ഉപകരണങ്ങള്‍ അറ്റകുറ്റപ്പണിചെയ്ത് തിരിച്ച് കൊടുത്തു. ബാക്കിയുള്ള ഉപകരണങ്ങള്‍ നന്നാക്കിയ ശേഷം അതത് സര്‍വ്വീസ് സെന്റുകളില്‍ നിന്നും വരും ദിവസങ്ങളില്‍ നല്‍കും.

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്യുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വന്ന പ്രമുഖ കമ്പനികളുള്‍പ്പെടെയുള്ള എല്ലാവരെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് മേയര്‍ പറഞ്ഞു.

പ്രളയത്തില്‍ കേടുപാടുകള്‍ വന്ന മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രാഥമിക അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്നതിനാണ് ഹരിതകേരളം മിഷനും ഐ റ്റി ഐ കളിലെ നൈപുണ്യ കർമ്മ സേനയുമായി ചേർന്ന് റിപ്പയർ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചത്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥന പ്രകാരം മറ്റ് സ്ഥാപനങ്ങളും കമ്പനികളും സംഘടനകളും ഈ പ്രവർത്തനത്തിൽ പങ്കാളിയായി. ക്യാമ്പിലെ പ്രവർത്തകർക്ക് ഭക്ഷണം നൽകി കൊണ്ട് മാർവാഡി അസോസിയേഷനും മുന്നോട്ടു വന്നു. ഹരിതകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ പി.പ്രകാശ് പദ്ധതി വിശദീകരിച്ച് സ്വാഗതം പറഞ്ഞു. ഹെൽപ്പ് ഡെസ്ക് കോർഡിനേറ്റർമാരായ യു.പി. ഏകനാഥൻ, എനർജി മാനേജ്‌മെന്റ് സെൻ്റർ കോർഡിനേറ്റർ ഡോ. എൻ സിജേഷ്, മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡി പി ഗോഡ് വിൻ സാംരാജ് , ഗ്രീൻ എൺവയോൺ സംഘടനയുടെ പ്രമോദ് മണ്ണടത്ത് സംസാരിച്ചു. കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക് സര്‍വ്വീസ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എ സുന്ദരന്‍, ഹരിതകേരളം ജില്ലാ മിഷന്‍ റിസോഴ്‌സണ്‍മാരായ രാജേഷ്, നിരഞ്ജന തുടങ്ങിയവരും പങ്കെടുത്തു.

ജില്ലയിലെ ഗവൺമെന്റ് ഐ.റ്റി.ഐ കളുടെ നേതൃത്വത്തിൽ മാളിക്കടവ് ഐടിഐ, ഫറോക്ക് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഫറോക്ക് ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്നിവിടങ്ങളിലും, കാരന്തൂർ മർക്കസ് ഐ.റ്റി.ഐ യുടെ നേതൃത്വത്തിൽ കുന്ദമംഗലം പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സകൂള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാമ്പ് നടക്കുന്നത്. ഓഗസ്റ്റ് 18-നും ഇവിടെ ക്യാമ്പ് ഉണ്ടായിരിക്കും.

വടകര ഏറാമല കമ്യൂണിറ്റിഹാളില്‍ ആഗസ്റ്റ് 18,19,20 തിയ്യതികളില്‍ വടകര ഐ.റ്റി.ഐയുടെ നേതൃത്വത്തിൽ വടകര മുനിസിപ്പാലിറ്റിയുടെയും ഏറാമല പഞ്ചായത്തിൻ്റെയും സഹകരണത്തോടെ ക്യാമ്പ് നടക്കും. 21 ന് ഒളവണ്ണ പഞ്ചായത്തിൻ്റെ സഹായത്തോടെ പഞ്ചായത്ത് ഓഫീസ് ഹാളില്‍ ക്യാമ്പ് ആരംഭിക്കും. പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ ആവശ്യപ്പെട്ടാല്‍ ഹരിത കേരള മിഷന്‍ മുഖേന അതത് സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തും. ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സണൻമാരും യങ്ങ് പ്രോഫഷനൽസുകളുമാണ് വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ അതാത് സ്ഥാപനങ്ങളുമായി ചേർന്ന് ഏകോപിക്കുന്നത്.

ചാത്തമംഗലം കെ എം സി ടി പോളിടെക്‌നിക്കുമായി സഹകരിച്ച് മാവൂര്‍, ചാത്തമംഗലം ഏരിയയിലും പ്രളയബാധിതരായവര്‍ക്കായി ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച ടിവി, ഫ്രിഡ്ജ് എന്നിവ നന്നാക്കുന്നതിന് ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പിലുള്ള കമ്പനികളുടെ ടെക്‌നീഷ്യന്‍മാര്‍ വീടുകളില്‍ ചെന്ന് കേടുപാടുകള്‍ തീര്‍ക്കും. പ്രളയ ബാധിത പ്രദേശത്തെ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്താണ് ഈ സേവനം ജില്ലാ ഭരണകൂടവും ഹരിതകേരളം മിഷനും ഏർപ്പെടുത്തുന്നത്

കക്കോടി തെക്കണ്ടിതാഴത്തെ ഓഷ്യാനിക് വീട്ടില്‍ ടി റസിയ ഹെല്‍പ് ഡെസ്‌ക് ഹരിത കേരള മിഷനും വ്യവസായ പരിശീലന വകുപ്പും സംയുക്തമായി നടത്തുന്ന ക്യാമ്പില്‍ എത്തിയത് പ്രളയത്തില്‍ കേടുപാട് വന്ന കുറച്ചു ഗൃഹോപകരങ്ങളുമായായിരുന്നു. മടങ്ങുന്നത് ഫോണ്‍ നന്നാക്കി ലഭിച്ചതിന്റെ സന്തോഷത്തിലും, ബാക്കിയുള്ളവ നാളെ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലും. കാലവര്‍ഷക്കെടുതിയില്‍ വീടിനു വന്ന കേടുപാടുകള്‍ക്ക് പുറമെ ഫ്രിഡ്ജും, വാഷിംഗ് മെഷീനും, ഫാനും, സ്റ്റെബിലൈസറും തുടങ്ങി പല ഉപകരണങ്ങളും കേടുവന്നു. റസിയയെ പോലെ നിരവധി ആളുകളാണ് ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടിവി, മൊബൈല്‍ ഫോണ്‍, മോട്ടോര്‍, ഫാന്‍, സ്റ്റെബിലൈസര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ക്യാമ്പിലെത്തുന്നത്.

കോര്‍പറേഷനില്‍ ഹാപ്പി ക്രോക്കറി, മൈ ജി, കണ്ണങ്കണ്ടി, എസ്ജി ഇലക്ട്രോണിക്‌സ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സോണി, ഐഎഫ്ബി, പാനസോണിക്, പ്രീതി, പ്രസ്റ്റീജ്, ബോറോസില്‍ തുടങ്ങി 11 ഓളം കമ്പനികളുടെ 54 വിദഗ്ദരാണ് സേവനം നല്‍കുന്നത്. രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0495 2373900, 0495 2375300