ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിയത് പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതിനാലെന്ന് പൊലിസ് റിപ്പോര്‍ട്ട്

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരണപ്പെട്ടകേസില്‍ അന്വേഷണ സംഘത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി നല്‍കിയ ഹര്‍ജി തളളണമെന്നാവശ്യപ്പെട്ടാണ് പോലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബഷീര്‍ മരിച്ചശേഷം സിറാജ് പത്രത്തിന്റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാന്‍ കാരണമായതെന്ന പുതിയ ന്യായീകരണമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.

പരാതിക്കാരന്‍ വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജനറല്‍ ആശുപത്രിയിലെ ഡോക്ടറോട് ശ്രീറാമിന്റെ രക്തം എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here