സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിലെന്ന് സൂചന

സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കുമെന്ന് സൂചന. സെപ്റ്റംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനമെന്നാണ് സൂചന. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കി.

വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാലാ, എറണാകുളം, മഞ്ചേശ്വരം എന്നീ ആറ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലെയ്ക്ക് ഉടന്‍ സംസ്ഥാനം കടക്കുമെന്നാണ് സൂചന. സെപ്റ്റംബര്‍ പകുതിക്ക് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കി ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആലോചിക്കുന്നത്. തീയതി സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ശുപാര്‍ശയില്‍ കാലവര്‍ഷം, ഓണം എന്നിവ കൂടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണു പ്രതീക്ഷ. കേരളം കൂടാതെ നാല് സംസ്ഥാനങ്ങളില്‍ക്കൂടി ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അവിടങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീയതി നിശ്ചയിക്കുക.

സിപിഎം എംഎല്‍എയായിരുന്ന എ എം ആരിഫ്, കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ ലോക്‌സഭയിലേക്ക് വിജയിച്ച ഒഴിവിലാണ് നാല് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണം മൂലമാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്.

മുസ്ലിംലീഗ് പ്രതിനിധി പി ബി അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലുള്ള കേസിന്റെ സാഹചര്യം കൂടി പരിശോധിച്ച ശേഷമാകും തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം.

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ തെരഞ്ഞെടുപ്പ് കേസും നിലവിലുണ്ട്. എന്നാല്‍ മുരളീധരന്‍ എംപിയാകുകയും, നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ച നിയമോപദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News