അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങുകള്‍ നടന്ന സ്ഥലത്ത് ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം രാത്രി 10.40 നാണ് സ്‌ഫോടനമുണ്ടായത്. അരങ്ങേറിയത്.

സ്‌ഫോടനം നടക്കുമ്പോള്‍ വിവാഹസല്‍ക്കാരം നടന്ന ഹാളില്‍ നാനൂറിലേറെപ്പേരുണ്ടായിരുന്നു. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു. ഷിയാ മുസ്ലീംകള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.

പത്ത് ദിവസം മുന്‍പാണ് കാബൂളിലെ ഒരു പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. ഇതില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റത്ത് റാഹിമി പറഞ്ഞു.