
ജനാധിപത്യമൂല്യങ്ങളെയെല്ലാം അട്ടിമറിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാഴ്‌ച പിന്നിട്ടിട്ടും കർണാടകത്തിൽ മന്ത്രി സഭ എന്നാൽ മുഖ്യമന്ത്രിമാത്രം.
മൂന്നാഴ്‌ചയ്‌ക്കുള്ളിൽ യെദ്യൂരപ്പ നാല് മന്ത്രിസഭായോഗം വിളിച്ചുചേർത്തുവെങ്കിലും മന്ത്രിയായി പങ്കെടുത്തത് മുഖ്യമന്ത്രിമാത്രം.
ചീഫ് സെക്രട്ടറിയും വകുപ്പുതലവൻമാരുമാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവര്‍. 19 എംഎൽഎമാർ കൂറുമാറിയതിനെത്തുടർന്ന് നടത്തിയ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ രാജിവച്ചതിനെത്തുടർന്നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്.
ആഴ്‌ചകൾ പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കേസ് സുപ്രീംകോടതിയിലുള്ളതും ബിജെപിയിലെ മന്ത്രിസ്ഥാന മോഹികളുടെ എണ്ണപ്പെരുപ്പവും മന്ത്രിസഭാ രൂപീകരണത്തിന് തടസ്സമാണ്.
മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞ 22 ദിവസമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അമിത് ഷായെയും കാണാൻ ശ്രമിക്കുകയാണ് യെദ്യൂരപ്പ.
മന്ത്രിസഭ വിപുലീകരിക്കാൻ അനുമതിതേടി വീണ്ടും ഡൽഹിയിലെത്തി യെദ്യൂരപ്പ അനുമതി ലഭിക്കുംവരെ തലസ്ഥാനത്ത് തുടരുമെന്നാണ് അറിയുന്നത്. 19ന് മന്ത്രിസഭാ വിപുലീകരണം നടക്കാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here