പ്രളയം ബാധിച്ച കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കൃഷി ഓഫീസര്‍മാര്‍ രംഗത്ത്. പ്രളയമേഖലയിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച നാടന്‍ പച്ചക്കറികളുടെ വിപണന മേളയൊരുക്കിയാണ് കൃഷി ഓഫീസര്‍മാര്‍ സഹായവുമായി എത്തിയത്. കൊച്ചി മറൈന്‍ ഡ്രൈവിലാണ് പച്ചക്കറി വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കര്‍ഷകര്‍ കൃഷി ചെയ്ത പച്ചക്കറിയുല്പന്നങ്ങള്‍ വില്പനക്ക് തയ്യാറെടുത്തിരിക്കവെയാണ് പ്രകൃതി ദുരന്തം വീണ്ടുമെത്തിയത്. ആദ്യ പ്രളയത്തില്‍ നിന്നു കരകയറി വരുമ്പോഴാണ് രണ്ടാം പ്രളയം കര്‍ഷകരുടെ സ്വപ്നങ്ങള്‍ വീണ്ടും തല്ലിക്കെടുത്തിയത്. ഈ സാഹചര്യത്തിലാണ് ഇവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ കൃഷി ഓഫീസര്‍മാര്‍ ഇടം കണ്ടെത്തിയത്.

ജിസിഡിഎ പിന്തുണയോടെ മറൈന്‍ ഡ്രൈവിലെ ഹെലിപ്പാട് ഗ്രൗണ്ടില്‍ വിപണനമേളയൊരുക്കിയാണ് കൃഷി ഓഫീസര്‍മാര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായത്. പ്രളയം ബാധിച്ച മേഖലയിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച പച്ചക്കറിയുല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിറ്റ് ഇതിന്റെ പൂര്‍ണ്ണലാഭം കര്‍ഷകര്‍ക്ക് ലഭിക്കത്തക്ക രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള എറണാകുളം ജില്ലാ പ്രസിഡന്റ് ജോണ്‍ ഷെറി പറഞ്ഞു.

പച്ചക്കറി വിപണനമേളയുടെ ഉദ്ഘാടനം ജി സി ഡി എ ചെയര്‍മാന്‍ വി സലീം നിര്‍വ്വഹിച്ചു. ആലുവ കടുങ്ങല്ലൂരിലെ കര്‍ഷകന്‍ സൈനുദ്ദീനാണ് ആദ്യ വില്പന നിര്‍വ്വഹിച്ചത്. ഞായര്‍, തിങ്കള്‍ എന്നിങ്ങനെ രണ്ട് ദിവസമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.