മുഖ്യമന്ത്രി ചോദിക്കുന്നു.. എങ്ങനെ അളക്കും ഈ കുരുന്നു മക്കളുടെ സ്‌നേഹത്തെ?; ദുരിതാശ്വാസനിധിയിലേക്ക് കാത്തുവച്ച സമ്പാദ്യക്കുടുക്കകള്‍ നല്‍കി ഗാന്ധിഭവനിലെ കുരുന്നുകള്‍

ഓണക്കോടി വാങ്ങാൻ സ്വരുക്കൂട്ടി വെച്ച സമ്പാദ്യക്കുടുക്കകളാകെ ദുരിതാശ്വാസത്തിനു സംഭാവന ചെയ്ത ഈ കുരുന്നു മക്കളുടെ സ്നേഹത്തെയും കരുണയെയും ത്യാഗത്തെയും എങ്ങനെയാണ് അളക്കുക? വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടവരും മാനസികനില തെറ്റിയവരുമൊക്കെയായി സമൂഹത്തിലെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന ഈ കുട്ടികളുടെ നല്ല മനസ്സിനെ എന്തിനോടാണുപമിക്കുക?. സഹജീവികളോടുള്ള കുരുന്നുകളുടെ കരുണയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിൽ കുറിച്ചത്‌. വികാരപരമായ ഒരനുഭവമാണ് ഇന്ന് പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ 25 കുട്ടികൾ ഓരോരുത്തരായി സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് നൽകുമ്പോൾ ഉണ്ടായത്‐ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഓണത്തിന് ശേഷം വിഷുക്കൈനീട്ടമായും ജന്മദിനത്തിലും മറ്റ് വിശേഷാവസരങ്ങളിലും സമ്മാനങ്ങളായും ലഭിച്ചതെല്ലാം കൂട്ടിവെച്ച സമ്പാദ്യമാണ് 25 കുരുന്നുകൾ കൈമാറിയത്. പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഏൽപ്പിക്കാം എന്ന് കുട്ടികൾ തന്നെയാണ് അധികൃതരോട് പറഞ്ഞത്. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളടക്കുള്ളവരുടെ വേദന മനസ്സിലാക്കിയ കുരുന്നു മനസ്സുകളെ എത്ര പ്രകീർത്തിച്ചാലും അധികമല്ല.

ഓണക്കോടി വാങ്ങാനായി മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് ഏൽപ്പിച്ചത് വിലപ്പെട്ട നിധിയായി കണക്കാക്കുന്നു. ഗാന്ധിഭവൻ അധികൃതർ ഈ മക്കൾക്ക് ഓണക്കോടി വാങ്ങി നൽകിയേക്കാം. എന്നാൽ ഈ ഓണത്തിന് അണിയാനുള്ള വസ്ത്രം ഞാൻ തന്നെ നൽകാം എന്ന് കുട്ടികളോട് പറഞ്ഞാണ് അവരോടുള്ള സംസാരം അവസാനിപ്പിച്ചത്. ഓണക്കോടിയൊന്നും അവരുടെ സ്നേഹത്തിനു പകരമാകില്ല എന്നറിയാമെങ്കിലും.

ആ ചടങ്ങിൽ വെച്ച് ഗാന്ധിഭവൻ സ്പഷ്യൽ സ്കൂളിലെ അധ്യാപകരുടെ സംഭാവനയും അന്തേവാസികളായ അമ്മമാരുടെ ഉപഹാരവും സ്വീകരിച്ചു. ഗാന്ധിഭവന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം വിജെടി ഹാളിലായിരുന്നു ചടങ്ങ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here