പ്രളയബാധിതപ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ വീതം അരി നൽകും. ദുരന്തനിവാരണ വകുപ്പ്‌ പ്രളയബാധിത മേഖലകൾ ഏതെല്ലാമെന്ന്‌ ബുധനാഴ്‌ച ഉത്തരവിറക്കുന്നതോടെ റേഷൻ വിതരണം ആരംഭിക്കും. വിവരശേഖരണം പുരോഗമിക്കുകയാണ്‌.

കഴിഞ്ഞ മന്ത്രിസഭായോഗമാണ്‌ പ്രളയബാധിത മേഖലകളിലുള്ളവർക്ക്‌ സൗജന്യ റേഷൻ പ്രഖ്യാപിച്ചത്‌. ഉത്തരവ്‌ ഭക്ഷ്യവകുപ്പ്‌ പുറത്തിറക്കി. പ്രളയവും ഉരുൾപൊട്ടലും ദുരന്തം വിതച്ച സ്ഥലങ്ങളിലെ അന്ത്യോദയ അന്നയോജന (എഎവൈ) കാർഡുടമകൾക്ക്‌ ഒഴികെ എല്ലാ കാർഡുടമകൾക്കും 15 കിലോ സൗജന്യ റേഷൻ ലഭിക്കും.

കടലോരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും അരി നൽകും. എഎവൈ കാർഡുടമകൾക്ക്‌ നിലവില 35 കിലോ അരി സൗജന്യമായി നൽകുന്നതിനാലാണ്‌ പദ്ധതിയിൽനിന്ന്‌ ഒഴിവാക്കിയത്‌. മൂന്നു മാസത്തേക്ക് സൗജന്യ റേഷൻ നൽകുന്നതിന് ധാന്യം അനുവദിക്കാൻ കേന്ദ്ര സർക്കാരിന് ഭക്ഷ്യവകുപ്പ്‌ നിവേദനം നൽകി.