സീറോ മലബാർ സഭാ തർക്കം രൂക്ഷമായിരിക്കെ സമ്പൂർണ സിനഡ് യോഗം ഇന്ന് കൊച്ചിയിൽ ആരംഭിക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്ന പരിഹാരം മുഖ്യ അജണ്ടയിൽ ഉൾപ്പെടുത്തിയ സിനഡിൽ പുതിയ മെത്രാന്മാരെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അതിരൂപതയ്ക്ക്‌ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പ് വേണമെന്നും ആവശ്യപ്പെട്ട് സഭയിലെ ഒരു വിഭാഗം നിവേദനം നൽകി.

സഭാ ഭൂമിയിടപാടും വ്യാജരേഖ കേസും സഭയിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സീറോ മലബാർ സഭ സിനഡ് ചേരുന്നത്. വത്തിക്കാൻ ഇടപെട്ട് ആലഞ്ചേരിക്ക്‌ അധികാരം തിരികെ നൽകുകയും സഹായ മെത്രാന്മാരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കുകയും ചെയ്തതോടെ സഭയ്ക്കുള്ളിലെ പ്രശ്നങ്ങൾ പൊട്ടി തെറിയിൽ എത്തി. ഒരു വിഭാഗം വൈദികർ ബിഷപ്പ് ഹൗസിൽ സത്യാഗ്രഹ സമരം ആരംഭിച്ചതോടെ ഇന്ന് ചേരുന്ന സിനഡ് യോഗത്തിൽ അതിരൂപതയിലെ വിഷയം പരിഹരിക്കാമെന്ന് മധ്യസ്ഥ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു.

അതേ സമയം അതിരൂപതയ്ക്ക്‌ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പ് വേണമെന്നും പുറത്താക്കിയ വൈദികരെ തിരിച്ചെടുക്കണം എന്നും ആവശ്യപ്പെട്ട് സഭയിലെ ഒരു വിഭാഗം നിവേദനം സമർപ്പിച്ചു
എറണാകുളം സെന്റ് തോമസ് മൗണ്ടിൽ ആരംഭിക്കുന്ന സിനഡ് യോഗത്തിൽ പതിനാറു ഫൊറോനകളിൽ നിന്നുമുള്ള പ്രതിനിധികളാണ് നിവേദനം സമർപ്പിച്ചത്. അതിരൂപതയിലെ മുന്നൂറോളം ഇടവകകളിലെ ഔദ്യോഗിക ഭാരവാഹികൾ ഒപ്പിട്ടാണ് നിവേദനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. സഭാ സ്വത്തിൽ സംഭവിച്ച നഷ്ടം നികത്തണമെന്നും ഭാവിയിലെ ഇടപാടുകൾ അൽമായ സമിതി അംഗങ്ങളുടെ അനുമതിയോട് കൂടി വേണമെന്നാണ് അൽമായ കൂട്ടായ്മയുടെ മറ്റ് ആവശ്യങ്ങൾ. രണ്ടാഴ്ച നീളുന്ന സിനഡിൽ നിന്ന് ഒരാഴ്ചക്ക് ഉള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും അൽമായരുടെ കൂട്ടായ്മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്