സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവമുണ്ടായത്. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് മഠാംഗങ്ങള്‍ തന്നെ പൂട്ടിയിട്ടതെന്ന്് സിസ്റ്റര്‍ ലൂസി ആരോപിച്ചു. കുര്‍ബാനയ്ക്ക് പോകാനായി മുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് വാതില്‍ പുറത്തുനിന്ന് പൂട്ടിയതായി കണ്ടത്. തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് പൊലീസെത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ കേസെടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച് സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക അറിയിപ്പെത്തിയിരുന്നു. മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) കത്തയയ്ക്കുകയും ചെയ്തിരുന്നു.

സിസ്റ്റര്‍ ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഠത്തിലെ മുറിയില്‍ പൂട്ടിയിട്ടത്. അങ്ങേയറ്റം മനുഷ്യത്വ രഹിതമായ സംഭവമാണ് ഉണ്ടായതെന്നും തന്നെ തടങ്കലിലാക്കാന്‍ ശ്രമിക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ആരോപിച്ചു.