കാലഹരണപ്പെട്ട കാമാത്തിപുരയെ കൈവെടിയുന്നവരും കൈയ്യടക്കുന്നവരും

മുംബൈയിലെത്തിയിട്ട് 34 വർഷമായെങ്കിലും നഗരത്തെ ഇപ്പോഴും സിനിമയിൽ കണ്ട പരിചയം മാത്രമാണ് കോകിലയ്ക്ക്. കൽക്കട്ടയിൽ നിന്നും അകന്ന ബന്ധുവിന്റെ കൈപിടിച്ച് വീട് വിട്ടിറിങ്ങിയത് ഇന്നലെയെന്ന പോലെ ഓർത്തെടുത്തു കോകില. പിന്നീട് നാടും വീടും കണ്ടിട്ടില്ല. ജീവിതം നാല് ചുമരുകൾക്കുള്ളിലെ കുറെ ഇടുങ്ങിയ മനസുകൾക്കിടയിലായി. കാര്യങ്ങൾ തീരുമാനിക്കുന്നതെല്ലാം തായി എന്ന് എല്ലാവരും വിളിച്ചിരുന്ന ഒരു മധ്യവയസ്കയായിരുന്നു. വീട്ടിലേക്ക് പൈസ അയക്കുന്നതും കത്തുകൾ എഴുതി അയക്കുന്നതെല്ലാം തായിയുടെ ശിങ്കിടികളും. വീട്ടിൽ നിന്നുള്ള കത്തുകളിലെ വിശേഷങ്ങൾ മാത്രം പറയും, വായിക്കാൻ പോലും തന്നിരുന്നില്ല. പിന്നെ അതെല്ലാം ഒരു ശീലമായി. ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും ഒരു കുറവുമുണ്ടായിരുന്നില്ലന്ന് മാത്രം. കാമാത്തിപുരയിലെ വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ കോകിലയുടെ മുഖത്ത് സ്ഥായിയായ നിർവികാരത. 22 വയസ്സിലാണ് ഇവിടെയെത്തുന്നത്. ആയിരക്കണക്കിന് ഇതര ഭാഷക്കാരടങ്ങുന്ന പല പ്രായക്കാരുടെ ആസക്തിയെ ആവാഹിച്ചെടുത്തു. ഇന്ന് പടിയിറങ്ങുമ്പോൾ വയസ്സ് 56. ബാക്കി വച്ചത് ചവച്ചു തുപ്പിയ ശരീരവും മരുന്നുകൾക്ക് പോലും തികയാത്ത തുച്ഛമായ നീക്കിയിരുപ്പും.

യൗവ്വനവും ചന്തവുമെല്ലാം ചുവന്ന തെരുവിൽ ഹോമിക്കുമ്പോഴും നഷ്ടപ്പെട്ട കുടുംബ ജീവിതത്തെ കുറിച്ച് കോകിലയും ആലോചിച്ചില്ല. തായിയും അവിടുത്തെ അന്തേവാസികളുമായിരുന്നു കോകിലയുടെ ലോകം. സന്ദർശകർക്ക് മണിക്കൂറിന്റെ വിലയിട്ട് ചേർന്ന് കിടക്കുമ്പോഴും, കിതപ്പിൽ മദ്യത്തിന്റെയും വിയർപ്പിന്റെയും രൂക്ഷ ഗന്ധങ്ങൾ മാറി മാറി ശ്വസിക്കുമ്പോഴും ഇവരുടെയെല്ലാം നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്തു കൊഴുത്തത് തായിയും ശിങ്കിടികളും മാത്രമായിരുന്നു. കോകിലയെ പോലെ തന്നെ 12 പേരായിരുന്നു 420 സ്‌ക്വയർ ഫീറ്റ് ഫ്ളാറ്റിലെ ഇടുങ്ങിയ മുറികളിലെ അന്തേവാസികൾ. പല ഭാഷക്കാരും പ്രായക്കാരുമായ ഇവർ മാത്രമായിരുന്നു പരസ്പരം ഇണങ്ങിയും പിണങ്ങിയും തായിയുടെ അടിമകളായി ജീവിതം നയിച്ചവർ. ലൈംഗിത്തൊഴിലാളികളുടെ മക്കളുടെ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സേവകനായ ഫാദർ ഐസക് കാമാത്തിപുരയിലെ പൊതുവായ അവസ്ഥ വിവരിക്കുമ്പോഴും ചുവന്ന തെരുവിന്റെ നിലനിൽപ്പ് നഗരത്തിന്റെ ആവശ്യമാണെന്നും ശഠിക്കുന്നു.

കാലഹരണപ്പെടുന്ന കാമാത്തിപുര

കാലം മാറിയതോടെയാണ് കാമാത്തിപുരയിൽ കച്ചവടമില്ലാതായത്. ആറും ഏഴും പേരോടൊപ്പം രതിസുഖം പങ്ക് വച്ച നാളുകൾ കോകിലയെ പോലെ മറ്റ് പലർക്കും ഓർമ്മ മാത്രമായി. പ്രായമേറിയാൽ പിന്നെ കസ്റ്റമേഴ്‌സിനും വേണ്ടാതാകുന്നതോടെ തായിയെ പോലുള്ള വേശ്യാലയം നടത്തിപ്പുകാരുടെ സമീപനത്തിലും മാറ്റം പ്രകടമാകുമെന്നാണ് കോകില പറയുന്നത്. പരാധീനതകൾ പറഞ്ഞു സമർഥമായി ഒഴിവാക്കുന്നതാണ് പിന്നീടുള്ള പതിവ്. ആരോടും പരാതി പറയാനാവില്ല.

പുറത്താക്കപ്പെട്ടവർ കുറഞ്ഞ ചിലവിലുള്ള ചാലുകളിലോ പരിമിതമായ മറ്റിടങ്ങളിലേക്കോ ചേക്കേറാൻ വിധിക്കപ്പെടുന്നു. അഞ്ചോ പത്തോ പേർ ചേർന്ന് ചെറിയൊരു മുറി വാടകക്കെടുത്താണ് ഇനിയുള്ള ഇവരുടെയെല്ലാം ജീവിത സായാഹ്നങ്ങൾ എരിഞ്ഞു തീരുന്നത്. സമൂഹം അവജ്ഞയോടെ നോക്കുന്ന ഇവർക്ക് ഉപജീവനത്തിനായി മറ്റൊരു വഴിയുമില്ല. വിശപ്പടക്കാൻ മാസത്തിൽ ഒന്നോ രണ്ടോ പേരെ വില പേശി കിട്ടിയാലായി. ഏജന്റിന്റെ കമ്മീഷനും മുറി വാടകയും പങ്കു വച്ചാൽ കഷ്ടിച്ച് കഴിഞ്ഞു കൂടാവുന്ന ദുരിത ജീവിതം.

ജീവിത ചിലവും വർദ്ധിച്ച വാടകയുമാണ് കാമാത്തിപുരയെ കൈവിടാൻ ഇവരെയെല്ലാം പ്രേരിപ്പിക്കുന്നത്. ഇവിടം വിട്ടാൽ ഇത് പോലെ ജീവിക്കാൻ സമൂഹം അനുവദിക്കില്ല, ആവശ്യക്കാരുമുണ്ടാകില്ല.
പൂർവ ചരിത്രം കറുത്ത പൊട്ടായി ഇവരെ വേട്ടയാടുമ്പോൾ കണ്ടാൽ മുഖം തിരിക്കുന്ന സമൂഹം ജോലികൾ നൽകാനും വിസമ്മതിക്കും. നൂറായിരം പ്രശ്നങ്ങളാണ് പുറം ലോകം കാണാതെ ജീവിച്ച കോകിലമാരെ അലട്ടുന്നത്. കാമുകൻ വഞ്ചിച്ചവരും, ഭർത്താവ് വിറ്റവരും, സിനിമാ മോഹവുമായി ചതിക്കുഴിയിൽ അകപ്പെട്ടവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

പ്രതിസന്ധി നേരിടുന്ന പതിനായിരങ്ങളാണ് ഇപ്പോഴും കാമാത്തിപുരയെ ആശ്രയിക്കുന്നത്. സ്മാർട്ഫോണും, വാട്ട്സാപ്പുമെല്ലാം പെൺ വാണിഭത്തിന്റെ അതിർവരമ്പുകൾ കളഞ്ഞതോടെ കാമാത്തിപുരയിലേക്കുള്ള ഒഴുക്കും കുറഞ്ഞു. ഇടനിലക്കാരില്ലാതെ നേരിട്ട് ഇടപെടാൻ സാങ്കേതിക സംവിധാനങ്ങൾ അവസരമൊരുക്കിയതോടെ കാമാത്തിപുരയിലെത്താൻ പുത്തൻ തലമുറയും വിസമ്മതിച്ചു. ലൈംഗിക രോഗങ്ങളുടെ ഭീതിയും ഇടുങ്ങിയ മുറികളും കോകിലമാരെ ആർക്കും വേണ്ടാതാക്കി.

മുംബൈയുടെ അപശകുനം

നൂറ്റാണ്ടുകളായി മുംബൈയിലെ ചുവന്ന തെരുവിൽ വേശ്യാവൃത്തി നടക്കുന്നുണ്ട്. ഇന്ത്യയിൽ കൽക്കത്ത, ചെന്നൈ കൂടാതെ നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പോലും പെൺകുട്ടികൾ ഇവിടെക്ക് എത്തിപ്പെടുന്നു. നേരത്തെ അൻപതിനായിരത്തിലധികം പേരുണ്ടായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എയ്ഡ്സ് പോലുള്ള രോഗങ്ങൾ വ്യാപകമായതോടെ ഇവിടേക്കുള്ള വരവ് കുറഞ്ഞു. ഇന്ന് പതിനയ്യായിരത്തോളം സ്ത്രീകൾ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നുണ്ടിവിടെ.

ദിവസവും ഉച്ച ഭക്ഷണം കഴിഞ്ഞാൽ ഒരുക്കങ്ങൾ തുടങ്ങും. പിന്നെ അണിഞ്ഞൊരുങ്ങി വഴി വക്കുകളിലും ജനാലകളിലും നിന്ന് സന്ദർശകരെ ആകർഷിക്കാൻ തുടങ്ങുമെങ്കിലും രാത്രിയാണ് കാമാത്തിപുര ഉണരുന്നത്. 39 ഏക്കർ സ്ഥലത്ത് എഴുന്നൂറോളം കെട്ടിടങ്ങൾ. അഞ്ഞൂറിലധികം വേശ്യാലയങ്ങൾ. ഓരോയിടത്തും പത്തും മുപ്പതും സ്ത്രീകൾ വരുന്ന സംഘങ്ങളുണ്ടാകും. പ്രായത്തിനും സൗന്ദര്യത്തിനും അനുസരിച്ചു വിലയിടുന്ന ശരീര പ്രദർശനത്തിന്റെ വലിയ കമ്പോളം. മാംസക്കച്ചവടത്തിന്റെ ഇടനിലക്കാരായ പിമ്പുകൾ. ഇത്തിൾ കണ്ണികളായ രാഷ്ട്രീയ നേതാക്കൾ. മാസപ്പടി പറ്റുന്ന പൊലീസുകാർ ഇങ്ങനെ കാമാത്തിപുരയെ ഉപജീവനമാക്കിയവർ ഏറെയാണ്.

മുംബൈ പോലുള്ള മഹാനഗരത്തിൽ ചുവന്ന തെരുവിന്റെ പ്രസക്തിയും കാണാതെ പോകരുത്. ക്രമസമാധാനം നില നിൽക്കുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്ന കാമാത്തിപുര ഇല്ലാതാകുമ്പോൾ വ്യാകുലപ്പെടേണ്ടത് നഗരവാസികൾ കൂടിയാണ്. അറപ്പോടെ നോക്കുന്ന സമൂഹത്തിന് ഇവർ നൽകുന്ന നിശബ്ദ സേവനവും കാണാതെ പോകരുത്

മഹാനഗരത്തിന്റെ ഹൃദയ ഭാഗത്ത് ഒരു അപശകുനമായി നില കൊള്ളുന്ന കാമാത്തിപുരയിലേത്തിയവരാരും ഈ കെണിയിൽ നിന്നും രക്ഷപ്പെട്ട ചരിത്രമില്ല. പൊതു സമൂഹത്തിന്റെ അവഗണയാണ് ഇവിടെ തന്നെ ജീവിതമൊടുക്കാൻ ഇവരെയെല്ലാം പ്രേരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെയാണ് മക്കളെയും വിദ്യാഭ്യാസം നൽകാതെ ഈ രംഗത്തേക്ക് കൊണ്ട് വരുന്നത്.

സന്ദർശകരോട് മാത്രം സ്നേഹം അഭിനയിക്കുന്ന ഇക്കൂട്ടർക്ക് സമൂഹത്തോട് അവജ്ഞയും വെറുപ്പുമാണ്. ആളുകളെ ശകാരിച്ചും ദുർവിധിയെ പഴിച്ചും ഇടുങ്ങിയ ഇരുട്ടു മുറിക്കുള്ളിൽ കഴിഞ്ഞു കൂടിയിരുന്നവരാണ് പ്രതിസന്ധിയെ നേരിടാനാകാതെ ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്.

പടിയിറങ്ങുന്നവരും പിടി മുറുക്കുന്നവരും

കച്ചവടം കുറഞ്ഞതോടെ കാമാത്തിപുരയിലെ കെട്ടിടങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് വാടക വലിയൊരു ബാധ്യതയായി. വർധിച്ചു വരുന്ന വാടകയെ നേരിടാനാകാതെ പലരും പടിയിറങ്ങാൻ തുടങ്ങി. നിരവധി പേർ വാടക കുറവുള്ള താനെ, കല്യാൺ ഭാഗങ്ങളിലേക്ക് ചേക്കേറി.

കാലങ്ങളായി കാമാത്തിപുരയിലെ അന്തേവാസികളായിരുന്നവർ ഒഴിയാൻ തുടങ്ങിയപ്പോൾ പുതിയ താമസക്കാരെ കിട്ടാതായതാണ് പഴയ കാല കെട്ടിട ഉടമസ്ഥരെ ആശങ്കയിലാക്കിയത്. അങ്ങിനെയാണ് കാമാത്തിപുരയിലേക്ക് റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കഴുകൻ കണ്ണുകൾ പറക്കുവാൻ തുടങ്ങിയത്.

കാമാത്തിപുരയിലെ ഇടുങ്ങിയ മുറികളുള്ള ജീർണിച്ച കെട്ടിടങ്ങളെല്ലാം ചുളു വിലയ്ക്ക് കൈയ്യടക്കാനുള്ള ശ്രമത്തിലാണ് റിയൽ എസ്റ്റേറ്റ് മാഫിയ. തൊട്ടടുത്ത ബോംബെ സെൻട്രൽ, താർദേവ് തുടങ്ങിയ പൊന്നു വിലയുള്ള കൊമേർഷ്യൽ സെന്ററുകളെ ഈ പ്രദേശത്തേക്ക് വ്യാപിപ്പിച്ചു കോടികൾ കൊയ്യാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത് . അത് കൊണ്ട് തന്നെയാണ് കെട്ടിട ഉടമകളെ ഉപയോഗിച്ച് അധിക വാടക ചുമത്തി ഒരു കുടിയൊഴിപ്പിക്കലിലൂടെ കാമാത്തിപ്പുര കൈക്കലാക്കാൻ റിയൽ എസ്റ്റേറ്റ് താപ്പാനകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അങ്ങിനെ വന്നാൽ പതിയ്യായിരത്തോളം വരുന്ന ലൈംഗിക തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാകും വഴിയാധാരമാവുക. ഇവരെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികളൊന്നും സർക്കാർ ഇത് വരെ മുന്നോട്ട് വച്ചിട്ടുമില്ല.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്ന തെരുവ് അതിജീവനത്തിനായി കേഴുകയാണ്. ലൈംഗികത്തൊഴിലാളികളുടെ മക്കൾക്ക് താമസവും വിദ്യാഭ്യാസവും നൽകി പുനരധിവസിപ്പിക്കുന്ന ക്രാന്തി, നവോദയ തുടങ്ങിയ സന്നദ്ധ സംഘടനകൾക്ക് പോലും ഇത്രയും പേരെ ഏറ്റെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

മുംബൈ നഗരത്തിനേറ്റ കളങ്കമെന്ന കുപ്രസിദ്ധി നേടിയ റെഡ് സ്ട്രീറ്റിന്റെ മുഖം മിനുക്കാനെന്ന പേരിൽ രൂപ കൽപ്പന ചെയ്യുന്ന പദ്ധതികൾക്ക് രാഷ്ട്രീയക്കാരുടെ ഒത്താശയുമുണ്ട്. എന്നാൽ ലൈംഗിക തൊഴിലാളികളും അവരുടെ കുടുംബങ്ങളും പെരുവഴിയിലാകുന്ന അവസ്ഥയിൽ അവരെ എങ്ങനെ പുനരധിവസിപ്പിക്കും എന്ന ചോദ്യമാണ് ഉത്തരമില്ലാതെ അലയുന്നത്.

ചുറ്റും നഗര വികസനം നടന്നു കൊണ്ടിരിക്കുമ്പോഴും ഒറ്റപ്പെട്ട് കിടന്നിരുന്ന കാമത്തിപുരയെ ഇതൊന്നും ബാധിച്ചിരുന്നില്ല. നഗരം അർഹിക്കുന്ന സ്വകാര്യത നൽകി കാമാത്തിപുരയെ പരിരക്ഷിച്ചു പൊന്നു. എന്നാൽ ജീർണിച്ച പഴയ കെട്ടിടങ്ങളും ചാലുകളും ശുഷ്കിച്ച വരുമാനവുമാണ് ഈ പ്രദേശത്തെ കെട്ടിട ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതോടെയാണ് റിയൽ എസ്റ്റേറ്റിന്റെ കഴുകൻ കണ്ണുകൾ കാമാത്തിപുരയെ വട്ടമിട്ടു പറക്കുവാൻ തുടങ്ങിയത്.

വേശ്യാലയങ്ങൾ കാലങ്ങളായി വാടകക്ക് നൽകി പ്രതിസന്ധി നേരിടുന്ന സ്ഥലം ഉടമകളിൽ നിന്നും ചുളു വിലയ്ക്ക് ഭൂമി തട്ടിയെടുത്ത് കച്ചവട സമുച്ഛയങ്ങൾ കെട്ടിപ്പടുത്ത് വലിയ ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് ഭൂമാഫിയകൾ. പ്രൈം പ്രോപ്പർട്ടിയായ ഇവിടെ 500 സ്ക്വയർ ഫീറ്റ് കാർപറ്റ് ഏരിയ സ്ഥലത്തിന് 1.5 കോടി രൂപ മുതൽ 2 കോടി രൂപ വരെയാണ് വില. 39 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കാമാത്തിപുരക്ക് വിലയിടുവാനുള്ള തിടുക്കത്തിലാണ് റിയൽ എസ്റ്റേറ്റ് മാഫിയയും വൻ കിട വ്യവസായികളും.

പഴയ കെട്ടിടങ്ങളും ചെറിയ ചാലുകളും പൊളിച്ചു നീക്കി ആധുനീക താമസ സമുച്ചയങ്ങളും മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയും, അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളും, പാർക്കും പടുത്തുയരുമ്പോൾ അനാഥമാകുന്നത് പതിനയ്യായിരത്തോളം വരുന്ന ലൈംഗീകതൊഴിലാളികളും അവരുടെ മക്കളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here