തന്റെ എതിര്‍പ്പുവകവെയ്ക്കാതെ കാമുകനൊപ്പം ഇറങ്ങിപ്പോയ മകള്‍ക്ക് എട്ടിന്റെ പണികൊടുത്ത്് അമ്മ. വീടുവിട്ടുപോയ മകള്‍ മരിച്ചതായി പോസ്റ്ററടിച്ച് നാടുമുഴുവന്‍ പതിപ്പിച്ചാണ് അമ്മ മകളോടുള്ള ദേഷ്യം തീര്‍ത്തത്. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം നടന്നത്.

വീട്ടമ്മയായ അമരാവതിയാണ് 19 കാരിയായ മകള്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്റര്‍ അടിച്ചത്. അയല്‍വാസിയായ വിവാഹിതനായ കാമുകനൊപ്പം മകള്‍ ഇറങ്ങിപ്പോയതാണ് അമരാവതിയെ ചൊടിപ്പിച്ചത്. അമരാവതിയുടെ ഭര്‍ത്താവ് 4 വര്‍ഷം മുമ്പ് മരണമടഞ്ഞിരുന്നു. അമരാവതിയുടെ 3 പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് കോളേജ് വിദ്യാര്‍ത്ഥിനി കൂടിയായ അഭി.

ആഗസ്റ്റ് 14 ന് പെണ്‍കുട്ടി അയല്‍വാസിക്കൊപ്പം ഇറങ്ങിപ്പോയി വിവാഹം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അഭി മരിച്ചതായുള്ള ചരമ പോസ്റ്റര്‍ നാട്ടില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തന്റെ മകള്‍ അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ട തനിക്ക് മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്നും അമരാവതി പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം ചെയ്ത സന്തോഷ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ പരാതി എഴുതി് നല്‍കാത്തതിനാല്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടില്ല.